കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തിവന്ന രണ്ടുപേരെ പനങ്ങാട് പോലീസ് പിടികൂടി. മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ച് രാത്രികാലങ്ങളിൽ ക്ഷേത്ര ഭണ്ഡാരങ്ങളും വിലപിടിപ്പുള്ള പാത്രങ്ങളും മോഷ്ടിക്കുകയായിരുന്നു ഇവരുടെ രീതി. മോഷണ മുതലുകൾ പോലീസ് പ്രതികളിൽ നിന്ന് കണ്ടെടുത്തു.

കൊച്ചി: ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ചു മോഷണം നടത്തി വന്ന പ്രതികളെ പനങ്ങാട് പോലീസ് പിടികൂടി. പനങ്ങാട് പണ്ടേക്കാട്ടു വീട്ടിൽ ദേവസിയുടെ മകൻ ഡാർവിൻ (23), പനങ്ങാട് മാനാട്ടിൽ വീട്ടിൽ പ്രസാദിന്റെ മകൻ ശ്യാമപ്രസാദ് (18) എന്നിവരെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. രാത്രികാലങ്ങളിൽ ബൈക്കിൽ കറങ്ങി നടന്ന് ക്ഷേത്രങ്ങളിലെ പൂട്ട് തകർത്തു ഭണ്ഡാരം, കിണ്ടികൾ, വിളക്കുകൾ, വിലപിടിപ്പുള്ള ഓട്ടു പാത്രങ്ങൾ എന്നിവ മോഷ്ടിച്ചു കടക്കുന്നതായിരുന്നു ഇവരുടെ പതിവ്. മോഷ്ടിച്ച ബൈക്കിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ചാണ് പ്രതികൾ യാത്ര ചെയ്തിരുന്നത്. അതിനാൽ തന്നെ ഇവരെ പിടികൂടുന്നത് പൊലീസിന് ശ്രമകരമായ ജോലിയായിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചും പ്രതികൾ സഞ്ചരിച്ച വഴികളും മനസ്സിലാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തി അറസ്റ്റ് ചെയ്‌തത്. പനങ്ങാട് കോതേശ്വരം ശിവ ക്ഷേത്രം, പാട്ടുപറമ്പിൽ മഹാദേവ ക്ഷേത്രം, നെട്ടൂർ കല്ലാത്ത് ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ ഇവർ മോഷണ സാമഗ്രഹികൾ ചോറ്റാനിക്കരയിലുള്ള ആക്രികടയിൽ വിറ്റഴിക്കുകയായിരുന്നു. മോഷണ വസ്തുക്കൾ പോലീസ് കണ്ടെടുത്തു. ഒന്നാം പ്രതിയായ ഡാർവിൻ പോക്സോ, ഭവന ഭേദനം ഉൾപ്പടെ നിരവധി കേസുകൾ ഉള്ളയാളാണ്. മോഷണ പരമ്പരയുമായി ബന്ധപ്പെട്ട് പനങ്ങാട് സർക്കിൾ ഇൻസ്‌പെക്ടർ വി വി വിമലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ മുനീർ എം.എം, മുഹമ്മദ്‌ മുബാറക്, പോലീസ് ഉദ്യോഗസ്ഥരായ അരുൺ രാജ്, ശ്രീജിത്ത്‌ എം, ക്രിസ്റ്റഫർ, രെജീഷ് ഉപേന്ദ്രൻ, സുനിൽകുമാർ പി കെ എന്നിവരും ഉണ്ടായിരുന്നു.