ഇന്നലെ രാത്രിവരെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ ആയിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു.
കോഴിക്കോട്: കൊടുവള്ളി മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായില്ല. ഇന്നലെ രാത്രിവരെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ ആയിരുന്നില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ ആരംഭിച്ചു. പൊന്നാനി ഗേൾസ് സ്കുളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് തൻഹ. പിതാവ് മുർഷിദ് കൊടുവള്ളി സ്വാദേശിയും മാതാവ് പൊന്നാനി സ്വദേശിയുമാണ്. ഏറെക്കാലമായി പൊന്നാനിയിലായിരുന്നു താമസം.
കഴിഞ്ഞ ദിവസം പിതൃസഹോദരൻ്റെ വിവാഹം നടന്നിരുന്നു, അതിനെ തുടർന്ന് വീട്ടിലെ തുണികൾ അലക്കാനായിട്ടാണ് കാറിൽ മാതാവും 12 കാരനായ സഹോദരനും പിതൃസഹോദരനും ഭാര്യയും കുളിക്കടവിൽ എത്തിയത്.
കടവിലെ പാറയിൽ നിൽക്കുകയായിരുന്ന തൻഹ പുഴയിലേക്ക് വീണപ്പോൾ ആദ്യം പിടിക്കാനായി ചാടിയത് 12 കാരനായിരുന്നു, എന്നാൽ ചുഴിയിൽപ്പെട്ട ഇവനെ പിതൃസഹോദരൻ രക്ഷപ്പെടുത്തി. തൻഹക്കായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. നാട്ടുകാരും സന്നദ്ധ സംഘടനകളും ഫയർഫോഴ്സും രാത്രി 8.30 വരെ തെരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല.



