സൈബർസെല്ലിന്റെ സഹായത്തോടെ എക്സൈസ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്.
കൊല്ലം: കൊല്ലത്ത് ന്യൂ ജനറേഷൻ മയക്കുമരുന്നുമായി യുവാവ് പിടിയിലായി. എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ റെയ്ഡിലാണ് കടപ്പാക്കട മാധവമന്ദിരത്തിൽ ഹരികൃഷ്ണൻ (27) എന്ന യുവാവിനെ എംഡിഎംഎയുമായി പിടികൂടിയത്. ഹരികൃഷ്ണൻ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ നിന്നാണ് 4.87 ഗ്രാം എംഡിഎംഎ യുമായി പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് എക്സൈസിന്‍റെ നിരീക്ഷണത്തിലായിരിന്നു ഹരികൃഷ്ണൻ.
സൈബർസെല്ലിന്റെ സഹായത്തോടെ എക്സൈസ് ഇയാൾ വാടകയ്ക്ക് താമസിക്കുന്ന ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നിർദ്ദേശാനുസരണം എക്സൈസ് ഇൻസ്പെക്ടർ രജിത്ത്.ആർ ന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റീവ് ഓഫീസർ എസ്.ആർ.ഷെറിൻ രാജ്, സിവിൽ എക്സൈസ് ഓഫീസർമാരായ സിദ്ധു, ശ്രീനാഥ്, ശ്രീവാസ്, അജീഷ് ബാബു, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ ശിവപ്രകാശ് എന്നിവരും പാർട്ടിയിൽ ഉണ്ടായിരുന്നു.
അതിനിടെ തൃശ്ശൂരിൽ ട്രെയിനിൽ കഞ്ചാവ് കടത്തിക്കൊണ്ട് വന്ന ഒഡീഷ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. സൂശാന്ത് പ്രാധാൻ എന്നയാളാണ് 2.5 കിലോഗ്രാമിലധികം കഞ്ചാവുമായി പിടിയിലായത്. തൃശ്ശൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രമോദ്.എസ് ഇന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പരിശോധനയിൽ സിവിൽ എക്സൈസ് ഓഫീസർ അജീഷും റെയിൽവേ ഉദ്യോഗസ്ഥരും പങ്കെടുത്തു.


