യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണിൽ സൂക്ഷിച്ചിരുന്നു
കൊല്ലം: സാമൂഹ്യ മാധ്യമങ്ങൾ വഴി യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആൾ പോലീസിന്റെ പിടിയിലായി. ശക്തികുളങ്ങര, പോർട്ട് റോഡ്, പടിഞ്ഞാറ്റേ കുരിശ്ശടി വീട്ടിൽ സേവ്യർ മകൻ എഡ്വിൻ (31) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. യുവതിയോടൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ചിത്രങ്ങളും മറ്റും ഫോണിൽ സൂക്ഷിച്ചിരുന്ന ഇയാൾ പിന്നീട് ബന്ധം വഷളായപ്പോൾ യുവതിയുടെ പേരിൽ സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ നിർമ്മിച്ച് അതിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
ശക്തികുളങ്ങര പോലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവെ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം ഇയാൾ പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു. തുടർന്ന് ശക്തികുളങ്ങര പോലീസ് ഇൻസ്‌പെക്ടർ ഉദയകുമാറിന്റെ നേതൃത്വത്തിൽ ഇയാളെ അറസ്റ്റ് ചെയ്യ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതേസമയം കഴിഞ്ഞ ദിവസം കൊല്ലത്ത് നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത കുളത്തൂപ്പുഴയിൽ എൽ പി സ്കൂൾ വിദ്യാർത്ഥിനികളെ അശ്ലീല ദൃശ്യങ്ങൾ കാണിച്ച് ലൈംഗികാതിക്രമം നടത്തിയ കേസിൽ അറബി അധ്യാപകൻ അറസ്റ്റിലായി എന്നതാണ്. കാട്ടാക്കട പൂവച്ചൽ സ്വദേശിയും ഭിന്നശേഷിക്കാരനുമായ ബാത്തിഷായാണ് പിടിയിലായത്. മൂന്നിലും നാലിലും പഠിക്കുന്ന പെൺകുട്ടികളെ ക്ലാസിൽ വച്ച് മൊബൈൽ ഫോണിൽ അശ്ലീല വീഡിയോകള്‍ കാണിച്ച് ലൈഗികാതിക്രമം നടത്തിയെന്ന കേസിലാണ് അറസ്റ്റ്. ട്രൈബൽ എൽ പി സ്കൂൾ അധ്യാപകനും പൂവച്ചല്‍ കുഴിയംകോണം സ്വദേശി ബാത്തിഷായെ പിടികൂടിയത് മടത്തറയിൽ നിന്നാണ്. പോക്സോ, പട്ടികജാതി പീഡന നിരോധന നിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. സ്കൂളിൽ ബാത്തിഷാ ജോലിയ്ക്ക് കയറിയ മൂന്നു മാസം മുൻപ് മുതൽ തുടങ്ങിയതാണ് ലൈംഗികാതിക്രമം. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത കുളത്തുപ്പുഴ പൊലീസ് രണ്ടു കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
