കുട്ടിയെ ഓട്ടോറിക്ഷയിൽ സ്‌കൂളിലേക്ക് കൊണ്ടുപോയിരുന്നത് പ്രതി
കോട്ടയം: ഒൻപതു വയസ്സുകാരിയെ ഒന്നര വർഷമായി പീഡിപ്പിച്ച കേസിൽ ഓട്ടോ റിക്ഷാ ഡ്രൈവർ അറസ്റ്റിലായി. കോട്ടയം വടവാതൂർ സ്വദേശിയായ സെബിൻ (37) ആണ് പിടിയിലായത്. കുട്ടിയെ ഓട്ടോയിൽ സ്കൂളിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു പീഡിപ്പിച്ചിരുന്നത്.
മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ ഭീഷണിപ്പെടുത്തി കാണിച്ച ശേഷമാണ് പീഡിപ്പിച്ചിരുന്നത്. ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിനു ലഭിച്ച പരാതിയിൽ ഓപ്പറേഷൻ ഗുരുകുലം നോഡൽ ഓഫിസർ ഡിവൈഎസ്പി ആർ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
മാതാപിതാക്കൾ സംഭവം അറിഞ്ഞതോടെയാണ് കേസിൽ അറസ്റ്റുണ്ടായത്. പെൺകുട്ടി ഫോൺ ഉപയോഗിക്കുന്നതിൽ അസ്വാഭാവികത തോന്നി ചോദിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. പിന്നീട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
