കോഴിക്കോട്ട് കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് അപകടമുണ്ടാക്കിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം ആശുപത്രിയിലുണ്ടായ സംഘർഷത്തിലും, തുടർന്ന് കാറിൽ നടത്തിയ പരിശോധനയിൽ 2.84 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതിലുമാണ് നടപടി.

കോഴിക്കോട്: കാര്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്നുണ്ടായ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാര്‍ ഓടിച്ചിരുന്ന പൊക്കുന്ന് കച്ചേരികുന്ന് സ്വദേശി പടിഞ്ഞാറ്റുപറമ്പ് വീട്ടില്‍ മനുവിനെ(24) ആണ് പൊലീസ് അറസ്റ്റ് ചെയ്തത്. കാറില്‍ നിന്നും 2.84 ഗ്രാം എം.ഡി.എം.എ കണ്ടെടുത്ത സംഭവത്തിലാണ് നടപടി. ഏപ്രില്‍ അഞ്ചിന് രാത്രി എട്ടോടെയാണ് മനു ഓടിച്ചുവന്ന കാര്‍ വെള്ളയില്‍ പോലീസ് സ്‌റ്റേഷന് സമീപത്തുവെച്ച് നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയും, പള്ളിക്കണ്ടി സ്വദേശിയായ യുവാവ് ഓടിച്ചിരുന്ന സ്‌കൂട്ടറില്‍ ഇടിക്കുകയും ചെയ്തത്.

അപകടത്തില്‍ സാരമായി പരിക്കേറ്റ മനുവിനെയും സ്‌കൂട്ടര്‍ യാത്രികനെയും പുതിയാപ്പ സ്വദേശിയായ പ്രണവ് കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ എത്തിച്ചിരുന്നു. മനു വിവരമറിയിച്ച് ആശുപത്രിയിലെത്തിയ മനുവിൻ്റെ സുഹൃത്തുക്കള്‍ പ്രകോപനമില്ലാതെ പ്രണവിനെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് മുന്‍പില്‍ വച്ച് വച്ച് മർദിച്ച് പരിക്കേല്‍പ്പിച്ചു. നെറ്റിയില്‍ നിന്ന് രക്തം വാര്‍ന്ന് പ്രണവിന്റെ ബോധം നഷ്ടപ്പെട്ടു. തുടര്‍ന്ന് അക്രമി സംഘം ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. യുവാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് സംഭവ സ്ഥലത്ത് എത്തി പ്രാഥമിക അന്വേഷണം നടത്തി.

കാര്‍ ഓടിച്ച മനുവിന്റെയും സുഹൃത്തുക്കളുടെയും ഇടപെടലില്‍ സംശയം തോന്നിയ പൊലീസ് അപകടസ്ഥലത്തെത്തി കാര്‍ പരിശോധിച്ചു. ഇതില്‍ സൂക്ഷിച്ച ബാഗിനുള്ളിലെ പഴ്‌സില്‍ നിന്നും 2.840 ഗ്രാം എംഡിഎംഎ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇത് ഉപയോഗിക്കുന്നതിന് വേണ്ടി സൂക്ഷിച്ച ഗ്ലാസ് ട്യൂബും മയക്കുമരുന്ന് തൂക്കുന്നതിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ത്രാസും വാഹനത്തില്‍ നിന്ന് പോലീസിന് ലഭിച്ചു. എന്നാല്‍ പൊലീസ് ഇവ പിടികൂടിയെന്ന് മനസ്സിലാക്കിയ മനു ആശുപത്രിയില്‍ നിന്നും ആരുമറിയാതെ മുങ്ങി. എന്നാൽ എലത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ജട്ടി റോഡില്‍ വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മനുവിനെതിരെ മയക്കുമരുന്ന് ഉപയോഗിച്ചതിനും പൊതുസ്ഥലത്ത് മദ്യപിച്ചതിനും ഉള്‍പ്പെടെ വിവിധ സ്റ്റേഷനുകളില്‍ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.