ഓൺലൈൻ തട്ടിപ്പിനിരയായതായി കോഴിക്കോട് സ്വദേശിയുടെ പരാതി. വാട്സ്ആപ്പിൽ എസ്ബിഐയുടെ പേരിൽ വന്ന ഫയൽ തുറന്നപ്പോൾ മൂന്നര ലക്ഷം രൂപ നഷ്ടമായതായാണ് പരാതി. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. 

കോഴിക്കോട്: വാട്‌സ്ആപ്പ് വഴി ലഭിച്ച ഫയല്‍ ഓപ്പണ്‍ ചെയ്തയാള്‍ക്ക് നഷ്ടമായത് മൂന്നര ലക്ഷം രൂപ. കോഴിക്കോട് ഉള്ളിയേരി സ്വദേശി വിനോദ് ആണ് ഓണ്‍ലൈന്‍ തട്ടിപ്പിനിരയായതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യാത്രയ്ക്കിടെയാണ് വിനോദിന്റെ ഫോണിലേക്ക് വാട്‌സ്ആപ്പ് സന്ദേശം ലഭിച്ചത്. വാട്‌സ്ആപ്പ് പരിശോധിച്ചപ്പോള്‍ എസ്ബിഐയുടെ പേരിലുള്ള സന്ദേശം കണ്ട് എപികെ ഫയല്‍ തുറക്കുകയായിരുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ 3.5 ലക്ഷം രൂപ തട്ടിപ്പ് സംഘം പിന്‍വലിച്ചതായാണ് പരാതിയില്‍ പറയുന്നത്. ക്രെഡിറ്റ് കാര്‍ഡ് വഴി 14 തവണകളായാണ് പണം പിന്‍വലിച്ചതെന്നാണ് ലഭിക്കുന്ന സൂചന. എന്നാല്‍ ഒടിപി നമ്പര്‍ ആരെങ്കിലും അന്വേഷിക്കുകയോ പറഞ്ഞുനല്‍കുകയോ ചെയ്തിട്ടില്ലെന്ന് പരാതിക്കാരന്‍ പറയുന്നു.

അതേസമയം എപികെ ഫയല്‍ ഉപയോഗിച്ച് ഫോണ്‍ ഹാക്ക് ചെയ്താണ് തട്ടിപ്പ് സംഘം ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും ഇതിന് ഒടിപി നമ്പര്‍ ആവശ്യമില്ലെന്നും വിദഗ്ധര്‍ പറുന്നു. തട്ടിപ്പ് നടത്തിയവര്‍ സൂറത്ത്, നോയിഡ തുടങ്ങിയ ഇടങ്ങളില്‍ നിന്നുമാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായിട്ടുണ്ടെന്ന് സൈബര്‍ പൊലീസ് അറിയിച്ചു.