2020-ൽ നൂറനാട് ലെപ്രസി സാനിറ്റോറിയം പ്രദേശത്തെ ലൈൻ റീറൂട്ട് ചെയ്യുന്നതിനുള്ള കരാർ ജോലികൾക്കിടെ കെഎസ്ഇബിയുടെ ചെമ്പ് കമ്പികൾ മോഷ്ടിച്ചതാണ് കേസിന് ആസ്പദമായ സംഭവം. പ്രതികൾക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി.

മാവേലിക്കര: നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത മോഷണക്കേസിൽ ഒന്നും രണ്ടും പ്രതികൾക്ക് മൂന്ന് മാസം തടവ് ശിക്ഷ വിധിച്ച് ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതി. ചാരുംമൂട് ഇലക്ട്രിക്കൽ സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയറുടെ പരാതിയിൽ ഇലക്ട്രിസിറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. 2020-ൽ നൂറനാട് ലെപ്രസി സാനിറ്റോറിയം പ്രദേശത്തെ ലൈൻ റീറൂട്ട് ചെയ്യുന്നതിനുള്ള കരാർ ജോലികൾക്കിടെ കെഎസ്ഇബിയുടെ ചെമ്പ് കമ്പികൾ മോഷ്ടിച്ചതാണ് കേസിന് ആസ്പദമായ സംഭവം. കേസിലെ ഒന്നാം പ്രതി കൊല്ലം പനയം വില്ലേജിൽ പുന്നവിള വടക്കേതിൽ വീട്ടിൽ ശ്രീകുട്ടൻ (27), രണ്ടാം പ്രതി കൊല്ലം പെരുമൺ ശിവമന്ദിരം വീട്ടിൽ രാജേഷ് (38) എന്നിവരെയാണ് ജഡ്ജി റോയി വർഗീസ് ശിക്ഷിച്ചത്. നൂറനാട് സബ് ഇൻസ്‌പെക്ടർ കെആർ രാജീവ് ആണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. സിപിഒ ഗണേഷ് കുമാർ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ പ്രോസിക്യൂഷനുവേണ്ടി കോടതിയിൽ ഹാജരായി.