വിവാദമായ സര്‍വ്വേ നമ്പര്‍ 843 ല്‍ ആകെ ഭൂമിയുടെ വിസ്തീര്‍ണ്ണം 16.55 ആയിരിക്കെ ആണ് കെ.എസ്.ഇ.ബി 27 ഏക്കര്‍ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരുന്നത്.
മൂന്നാര്‍: ഇടുക്കി ജില്ലിയിലെ മൂന്നാറില്‍ കുടിയിറക്ക് ഭീഷണിയിലായിരുന്ന നൂറോളം കുടുംബങ്ങള്‍ക്ക് ആശ്വാസമായി ഹൈക്കോടതി വിധി. ദേവികുളം താലൂക്കില്‍ ഉള്‍പ്പെട്ട കെ.ഡി.എച്ച് വില്ലേജിലെ സര്‍വ്വേ നമ്പര്‍ 843 ല്‍ ഉള്‍പ്പെട്ട ഇക്കാനഗറിലെ 27 ഏക്കറോളം വരുന്ന ഭൂമിയില്‍ കെഎസ്ഇബിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി വിധി. 27 ഏക്കറോളം വരുന്ന ഭൂമി തങ്ങളുടേതാണ് എന്നതായിരുന്നു കാലങ്ങളായി വൈദ്യുതി വകുപ്പ് ഉന്നയിച്ചു വന്നിരുന്നത്. ഇതോടെ കുടിയിറക്ക് ഭീതിയിലായിരുന്നു നൂറോളം കുടുംബങ്ങള്‍. എന്നാല്‍ ഹൈക്കോടതി വിധിയോടെ കെഎസ്ഇബിയുടെ വാദം പൊളിഞ്ഞു.
കാലങ്ങളായി ഈ ഭൂമിയില്‍ താമസിച്ചു വന്നിരുന്നവര്‍ ഭൂമി പ്രശ്നവുമായി ബന്ധപ്പെട്ട് നിരന്തരം വൈദ്യുതി വകുപ്പുമായി നിയമയുദ്ധത്തിലായിരുന്നു. ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസില്‍ ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാന്‍ കെഎസ്ഇബിക്ക് ആയില്ല. മതിയായ രേഖകള്‍ ഹൈക്കോടതി മുമ്പാകെ സമര്‍പ്പിക്കാനാവാഞ്ഞതോടെ കെഎസ്ഇബി വാദം ഹൈക്കോടതി ലെ ജസ്റ്റിസ് അമിത് രാവല്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ തള്ളി. കെ.എസ്.ഇ.ബി ക്ക് ഈ ഭൂമിയില്‍ അവകാശം ഉന്നയിക്കാന്‍ അര്‍ഹത ഇല്ലെന്ന് ഹൈക്കോടതി വിധിയോടെ വ്യക്തമായി.
വിവാദമായ സര്‍വ്വേ നമ്പര്‍ 843 ല്‍ ആകെ ഭൂമിയുടെ വിസ്തീര്‍ണ്ണം 16.55 ആയിരിക്കെ ആണ് കെ.എസ്.ഇ.ബി 27 ഏക്കര്‍ ഭൂമി തങ്ങളുടേതാണെന്ന് അവകാശപ്പെട്ടിരുന്നത്. ഈ 27 ഏക്കര്‍ ഭൂമിക്ക് വേലി നിര്‍മ്മിക്കുവാന്‍ ഒന്നര കോടി ചിലവഴിച്ചതും വന്‍ വിവാദമായിരുന്നു. കഴിഞ്ഞ 82 വര്‍ഷങ്ങളായി നീണ്ടു നിന്ന നിയമയുദ്ധത്തിനൊടുവില്‍ ലഭിച്ച വിധി തങ്ങള്‍ ഈ ഭൂമിയുടെ മക്കളാണെന്ന് തെളിയിക്കുന്നതാണെന്ന് ഇക്കാ നഗര്‍ നിവാസികള്‍ പറഞ്ഞു. കോടതിയില്‍ നിലനില്‍ക്കുന്ന കേസായതിനാല്‍ ഇക്കാ നഗര്‍ നിവാസികള്‍ക്ക് വൈദ്യുതി, വെള്ളം പോലുള്ള അടിസ്ഥാന ആവശ്യങ്ങള്‍ പോലും ലഭിക്കാന്‍ വലിയ പ്രയാസമാണ് നേരിട്ടു വന്നിരുന്നത്.
അഡ്വ. ഷിബിയുടെ നേത്യത്വത്തില്‍ നടത്തിയ നിയമയുദ്ധമാണ് ഇക്കാനഗര്‍ നിവാസികള്‍ക്ക് തുണയായത്. കോടതി വിധി വന്നതോടെ ഇക്കാനഗര്‍ നിവാസികളുടെ നേതൃത്വത്തില്‍ സര്‍വ്വ കക്ഷി യോഗം ചേരുകയും ഭാവിപദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു. ഇക്കാ നഗറിലെ ജനങ്ങള്‍ക്ക് ഒപ്പം നിന്ന് അവരുടെ ആവശ്യങ്ങള്‍ക്കു വേണ്ടി പോരാടുമെന്ന് ചടങ്ങില്‍ പങ്കെടുത്ത സി.പി.എം, കോണ്‍ഗ്രസ്, ബി.ജെ.പി പാര്‍ട്ടിയിലെ പ്രതിനിധികള്‍ പറഞ്ഞു. സര്‍വ്വേ നമ്പര്‍ 843 ലെ ഭൂമി കെ.എസ്.ഇ.ബി യുടേതല്ല എന്ന വിധി വന്നതോടെ അഞ്ചു തലമുറകളായി ഇവിടെ കഴിയുന്ന തങ്ങള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഇക്കാ നഗര്‍ നിവാസികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
