നടപ്പാത പൂര്‍ത്തിയാവാത്തതിനാല്‍ വാഹനത്തിരക്ക് ഉള്ള റോഡിലൂടെയാണ് വിദ്യാര്‍ഥികളടക്കം നടന്നുപോകുന്നത്.

കൊച്ചി: കെഎസ്ഇബിയുടെ അനാസ്ഥ കാരണം കൊച്ചി ഇളംകുളത്ത് നടപ്പാത നിര്‍മാണം ഇഴയുന്നു. കൊച്ചി മെട്രോ നിര്‍മിക്കുന്ന നടപ്പാതയിലാണ് വൈദ്യുതി പോസ്റ്റുകള്‍ ഇപ്പോഴും തുടരുന്നത്. നടപ്പാത പൂര്‍ത്തിയാവാത്തതിനാല്‍ വാഹനത്തിരക്ക് ഉള്ള റോഡിലൂടെയാണ് വിദ്യാര്‍ഥികളടക്കം നടന്നുപോകുന്നത്.

തിരക്കേറിയ വൈറ്റില ഇളംകുളം റോഡിനിരുവശവും നടപ്പാത നിര്‍മിക്കുന്നത് കൊച്ചി മെട്രോയാണ്. മനോഹരമായി ടൈലുകള്‍ പാകിയുള്ള നടപ്പാത കാഴ്ചാ പരിമിതിയുള്ളവര്‍ക്ക് നടക്കാന്‍ പ്രത്യേകം വഴിയുമുണ്ട്. ഇടവിട്ട് ഇടവിട്ട് ജോലികള്‍ നടക്കുന്നു. പൂര്‍ത്തിയാവാന്‍ ഇനിയും സമയമെടുക്കും. നടപ്പാതയ്ക്ക് നടുവിലുള്ള വൈദ്യതി പോസ്റ്റുകള്‍ ഇതുവരെ മാറ്റിയിട്ടില്ല. കാഴ്ച പരിമിതിയുള്ളവര്‍ ഇതുവഴി നടന്നാല്‍ പ്രശ്നമാണ്. നിലവിലിതാണ് നടപ്പാതയുടെ അവസ്ഥ. 

കെഎസ്ഇബി പോസ്റ്റുകള്‍ മാറ്റി സ്ഥാപിച്ചാൽ മാത്രമെ നടപ്പാത നടക്കാന്‍ പൂര്‍ണ സജ്ജമാവുകയുള്ളു. സ്വകാര്യ കേബിളുകള്‍ നിറഞ്ഞിരിക്കുന്ന പോസ്റ്റുകളും മരങ്ങളുമുണ്ട് മാറ്റാന്‍. കൊച്ചി നഗരത്തിനുള്ളിലെ ഏറ്റവും തിരക്കേറിയ മേഖലയാണ് ഇവിടം. അപകടങ്ങളും സംഭവിച്ച മേഖലയാണിത്. വിദ്യാര്‍ഥികള്‍ നടന്നുപോകുന്ന വഴി കൂടിയാണ്. നടപ്പാത എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നു. 

നോക്കി നടന്നില്ലെങ്കിൽ പോസ്റ്റിലിടിക്കും