ഓവർലോഡ് എത്തുമ്പോൾ വേനൽ കാലത്ത് ട്രാൻസ്ഫോമറുകൾ തീ പിടിച്ച് നശിക്കാറുണ്ടെന്നും ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും വൈദ്യുതി വകുപ്പ്
തിരുവനന്തപുരം: ആറ്റിങ്ങലിന് സമീപം കെഎസ്ഇബി ട്രാൻസ്ഫോമറിന് തീ പിടിച്ചു. നഗരൂർ ചെമ്മരത്തുംമുക്ക് ഊന്നംകല്ല് ജംഗ്ഷനിലെ ട്രാൻസ്‌ഫോർമറിനാണ് വലിയ രീതിയിൽ തീ പിടിച്ചത്. ട്രാൻസ്ഫോമറിന്റെ മുകൾ ഭാഗത്ത് നിന്നും പുകയും ശബ്ദവും ശ്രദ്ധയിൽപെട്ട നാട്ടുകാർ പൊട്ടിത്തെറിയുണ്ടാകുമോ എന്ന ഭീതിയിൽ വിവരം കെഎസ്ഇബിയിലും ഫയർഫോഴ്‌സിലും അറിയിച്ചു.
പെട്ടന്ന് തീ പടർന്നെങ്കിലും പിന്നാലെ ആറ്റിങ്ങൽ സ്റ്റേഷനിൽ നിന്നും അഗ്നിരക്ഷാ സേന എത്തി. ഇവർ ട്രാൻസ്ഫോർമറിലെ തീ പൂർണമായും അണച്ചതോടെയാണ് പരിസരവാസികൾക്ക് ആശ്വാസമായത്. കെഎസ്ഇബി നഗരൂർ സബ് എഞ്ചിനീയർ നഗരൂർ പൊലീസ് തുടങ്ങിയവർ സംഭവ സ്ഥലത്തെത്തി. പ്രദേശത്തെ വൈദ്യുതി ബന്ധം വിഛേദിച്ച് ട്രാൻസ്ഫോമർ അറ്റകുറ്റപ്പണികൾക്കായി മാറ്റി. ഓവർലോഡ് എത്തുമ്പോൾ വേനൽ കാലത്ത് ട്രാൻസ്ഫോമറുകൾ തീ പിടിച്ച് നശിക്കാറുണ്ടെന്നും ഇവിടെ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
