കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കല്ലോടി സ്‌കൂള്‍ ജംഗ്ഷനില്‍ വെച്ച് ഒരു സംഘം കല്ല് കൊണ്ടും മറ്റും മര്‍ദിച്ചെന്നാണ് പരാതി.
മാനന്തവാടി: ഒരു വിഭാഗം കെ.എസ്.ആര്‍.ടി.സി ജിവനക്കാര്‍ കഴിഞ്ഞ ദിവസം നടത്തിയ പണിമുടക്കില്‍ പങ്കെടുക്കാത്തതിന് ജീവനക്കാരനെ സമരാനുകൂലികള്‍ മര്‍ദിച്ചെന്ന് പരാതി. മാനന്തവാടി ഡിപ്പോയിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍ കല്ലോടി മാങ്കുഴിക്കാട്ടില്‍ ഷാജിയാണ് ഇത് സംബന്ധിച്ച് മാനന്തവാടി പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ കല്ലോടി സ്‌കൂള്‍ ജംഗ്ഷനില്‍ വെച്ച് ഒരു സംഘം കല്ല് കൊണ്ടും മറ്റും മര്‍ദിച്ചെന്നാണ് പരാതി.
ആക്രമണത്തില് പരിക്കേറ്റ് കണ്ണിന് താഴെയും ചുണ്ടിലും പരിക്കേറ്റ ഷാജി മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരായ കണ്ടാലറിയാവുന്നവരാണ് തന്നെ മര്‍ദിച്ചത് എന്ന് കാണിച്ച് ഷാജി പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകള്‍ പ്രകാരം മാനന്തവാടി പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം നടന്ന കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരത്തില്‍ ഷാജി പങ്കെടുത്തിരുന്നില്ല.
മുന്‍കൂട്ടി റിസര്‍വേഷന്‍ ഉണ്ടായിരുന്ന തിരുവനന്തപുരത്തേക്കുള്ള ബസ്സില്‍ യാത്രികര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാന്‍ ഇദ്ദേഹം ഡ്യൂട്ടിയെടുത്തിരുന്നു. ഇതില്‍ പ്രകോപിതരായ സമരാനുകൂലികള്‍ ആദ്യം ഫോണില്‍ ഭീഷണിപ്പെടുത്തുകയും പിന്നീട് മര്‍ദ്ദിക്കുകയുമായിരുന്നുവെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. അതേ സമയം ഏത് സംഘടനക്ക് കീഴിലുള്ളവരാണ് മര്‍ദ്ദിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.
