''കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി.''

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സാധ്യമാക്കുന്ന സംവിധാനം യാഥാര്‍ഥ്യമാകുന്നു. കെഎസ്ആര്‍ടിസി കൊറിയര്‍ ആന്‍ഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന്റെ ഉദ്ഘാടനം നാളെ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. 16 മണിക്കൂറിനുള്ളില്‍ കേരളത്തിലെവിടെയും കൊറിയര്‍/പാഴ്സല്‍ കൈമാറുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ചടങ്ങില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത വഹിക്കും. 

കെഎസ്ആര്‍ടിസിയുടെ കുറിപ്പ്: ''കെഎസ്ആര്‍ടിസിയുടെ പുനരുദ്ധാരണത്തിന്റെ ഭാഗമായി നിരവധി നവീന പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. ഈ പദ്ധതികള്‍ കെഎസ്ആര്‍ടിസിയുടെ വരുമാന വര്‍ദ്ധനവിലും വൈവിധ്യ വല്‍ക്കരണത്തിലും ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. കേരളത്തിലെ 14 ജില്ലകളെയും സമയബന്ധിതമായി ബന്ധിപ്പിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് കെഎസ്ആര്‍ടിസി. കേരളത്തില്‍ എമ്പാടും സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളിലൂടെ ചരക്ക് നീക്കം സുഗമമാക്കുവാനാണ് കൊറിയര്‍ & ലോജിസ്റ്റിക്‌സ് പദ്ധതി വിഭാവനം ചെയ്യുന്നത്. കൊറിയര്‍/പാര്‍സല്‍ കൈമാറുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.''

''ജൂണ്‍ 15 രാവിലെ 11.00 മണിക്ക് കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോ അങ്കണത്തില്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. നഗരസഭ മേയര്‍ ആര്യ രാജേന്ദ്രന്‍ അധ്യക്ഷത നിര്‍വഹിക്കും. ചടങ്ങില്‍ ട്രേഡ് യൂണിയന്‍ ഉദ്യോഗസ്ഥ പ്രതിനിധികള്‍ ആശംസ അര്‍പ്പിച്ച് സംസാരിക്കുന്നതാണ്. കെ.എസ്.ആര്‍.ടി.സിക്ക് ഒരു പുതിയ നാഴികകല്ലാകുന്ന ഉത്ഘാടന ചടങ്ങ് കെ.എസ്.ആര്‍.ടി.സിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ തല്‍സമയ സംപ്രേഷണം ഉണ്ടായിരിക്കും.''


ഇന്റർനെറ്റ് വേണ്ട; സാധാരണ ഫോൺ ഉപയോഗിച്ചും യുപിഐ ഇടപാടുകൾ നടത്താം; പുതിയ സേവനവുമായി ഈ ബാങ്ക്

YouTube video player