തിരുവനന്തപുരത്തുനിന്ന് വേളാങ്കള്ളിയിലേക്ക് സൂപ്പർ ഫാസ്റ്റ് ബസ് സർവീസുമായി കെഎസ്ആർടിസി. നെയ്യാറ്റിൻകര ഡിപ്പോയ്ക്ക് കീഴിലാണ് ബസ് സർവീസ് നടത്തുക. തെക്കൻ കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകർക്ക് പുതിയ സർവീസ് ആശ്വാസകരമാകും.
തിരുവനന്തപുരം: തെക്കൻ കേരളത്തിൽ നിന്നുള്ള വേളാങ്കണ്ണി തീർത്ഥാടകർക്ക് ആശ്വാസമായി കെഎസ്ആർടിസിയുടെ പുതിയ ബസ് സർവീസ് വരുന്നു. തിരുവനന്തപുരത്തുനിന്ന് പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് കെഎസ്ആർടിസി പുതിയ സൂപ്പർ ഫാസ്റ്റ് സർവീസാണ് ആരംഭിക്കുന്നത്. തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന സർവീസിന് നെയ്യാറ്റിൻകര ഡിപ്പോയ്ക്കാണ് പ്രവർത്തന ചുമതല.
തിരുവനന്തപുരം, ബാലരാമപുരം, നെയ്യാറ്റിൻകര, പാറശാല, കളിയിക്കാവിള, നാഗർകോവിൽ, തിരുനെൽവേലി, മധുര, തിരിച്ചിപ്പള്ളി, തഞ്ചാവൂർ, നാഗപട്ടണം എന്നീ നഗരങ്ങൾ വഴിയാണ് ഈ ബസ് സർവീസ് ദിവസേന വേളാങ്കണ്ണിയിലേക്ക് ഓടുക. നിലവിൽ സ്വകാര്യ ബസ് മാത്രം കൂടിയ നിരക്കിൽ സർവീസ് നടത്തുന്ന ഈ റൂട്ടിൽ കെഎസ്ആർടിസി എത്തുന്നതോടെ യാത്രക്കാർക്ക് ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
800 രൂപ മുതൽ 2499 രൂപവരെയാണ് നിലവിൽ വിവിധ തരത്തിലുള്ള സ്വകാര്യ സർവീസുകൾ ഈടാക്കുന്നത്. പുതിയ സർവീസിനായി ബസ് അനുവദിച്ചിട്ടുണ്ടെന്നും അന്തർസംസ്ഥാന സർവീസുകൾക്ക് ആവശ്യമായ മറ്റ് ഔദ്യോഗിക അനുമതികൾ ലഭ്യമാകുന്ന മുറയ്ക്ക് സർവീസ് ഉടൻ തന്നെ ആരംഭിക്കുമെന്നും കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
നിലവിൽ തെക്കൻ കേരളത്തിൽ ചങ്ങനാശേരിയിൽനിന്ന് മാത്രമാണ് കെഎസ്ആർടിസി വേളാങ്കണ്ണി സർവീസ് നടത്തുന്നത്. സൂപ്പർ ഡീലക്സ് ബസാണ് ഈ റൂട്ടിൽ ഓടുന്നത്. 890 രൂപയാണ് നിരക്ക്. തിരുവനന്തപുരം - വേളാങ്കണ്ണി സർവീസിന്‍റെ നിരക്കും സമയവും അനുമതി ലഭിക്കുന്ന മുറയ്ക്ക് ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.


