കുന്നംകുളം നഗരസഭയില്‍ നിന്നും വിരമിക്കുന്ന സൂപ്രണ്ട് റീജ റാഫേല്‍, തൻ്റെ റിട്ടയര്‍മെന്റ് ആഘോഷത്തിനായി മാറ്റിവെച്ച 80,000 രൂപ കാന്‍സര്‍ രോഗിയായ കുടുംബശ്രീ പ്രവര്‍ത്തകക്ക് കൈമാറി. 23 വര്‍ഷത്തെ സേവനത്തിന് ശേഷം പടിയിറങ്ങുമ്പോള്‍, ആഘോഷത്തേക്കാൾ മനുഷ്യത്വത്തിന് വില കൽപ്പിച്ചുകൊണ്ട് ഈ ഉദ്യോഗസ്ഥ മാതൃകയാവുകയാണ്.

തൃശൂര്‍: റിട്ടയര്‍മെന്റ് ആഘോഷ ചിലവ് തുക കാന്‍സര്‍ രോഗിയായ കുടുംബശ്രീ പ്രവര്‍ത്തകയുടെ ചികില്‍സക്ക് നല്‍കി. കുന്നംകുളം നഗരസഭ ജനറല്‍ സൂപ്രണ്ട് മണ്ണുത്തി മുക്കാട്ടുകര സ്വദേശിനി റീജ റാഫേല്‍ 23 വര്‍ഷത്തെ സേവനത്തിന് ശേഷം നഗരസഭയില്‍ നിന്നും പടിയിറങ്ങുന്നു. സര്‍വീസില്‍ നിന്ന് വിരമിക്കുമ്പോള്‍ സഹപ്രവര്‍ത്തകര്‍ക്ക് മനുഷ്യസ്നേഹത്തിന്റെ മറ്റൊരു മുഖം തുറന്നുകാട്ടുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

തൃശ്ശൂര്‍ മുനിസിപ്പല്‍ കോര്‍പറേഷനില്‍ എല്‍ ഡി ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ച റീജ മഞ്ചേരി മുനിസിപ്പാലിറ്റിയിലും പിന്നീട് കുന്നംകുളം നഗരസഭയിലും വിവിധ ചുമതലകള്‍ വഹിച്ചു. ശാന്തസ്വഭാവവും സൗമ്യമായ പെരുമാറ്റവും കൈമുതലായ റീജ റാഫേല്‍ ചുമതല ഏറ്റെടുത്താല്‍ അത് കൃത്യമായും ഉത്തരവാദിത്വത്തോടെയും നിര്‍വഹിക്കുകയും ഓഫീസ് പ്രവര്‍ത്തന നിലവാരം ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്ത ഉദ്യോഗസ്ഥയാണ്.

വിരമിക്കല്‍ ചടങ്ങിനോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് വിരുന്നൊരുക്കുന്നതിനായി മാറ്റി വെച്ചിരുന്ന 80,000 രൂപ കാന്‍സര്‍ രോഗബാധിതയായ കുടുംബശ്രീ പ്രവര്‍ത്തകയുടെ ചികിത്സാ ചിലവിലേക്ക് കൈമാറാനുള്ള തീരുമാനം ഏറെ ശ്രദ്ധനേടി. സേവനം ഒരു ജോലി മാത്രമല്ല, മനുഷ്യരെ ചേര്‍ത്തുനിര്‍ത്താനുള്ള ഉത്തരവാദിത്വവുമാണ് എന്ന സന്ദേശം സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചാണ് ഈ ഉദ്യോഗസ്ഥയുടെ പടിയിറക്കം.