വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരുത്തിയ അരസിരാജ കുപ്പാടി മേഖലയിലെ വനത്തില്‍ തുടരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനപ്രദേശത്ത് നിന്നാണ് കാട്ടാന ബത്തേരി നഗരത്തിലേക്ക് എത്തിയത്.

സുല്‍ത്താന്‍ബത്തേരി: ഒരു രാത്രി കൂടി ഇരുണ്ട് വെളുത്തിട്ടും ബത്തേരിയിലും പരിസരപ്രദേശങ്ങളിലും ഇനിയും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബത്തേരി നഗരത്തിലെത്തി മധ്യവയസ്‌കനെ ആക്രമിച്ച കാട്ടാന 'അരസിരാജ'യെ ഇതുവരെ ഉള്‍ക്കാട്ടിലേക്ക് തുരത്താന്‍ അധികൃതര്‍ക്കായില്ല. കാട്ടാനയെ തുരത്തിയോടിക്കാന്‍ ഇന്നലെ തന്നെ കുങ്കിയാനകളെ കട്ടയാട്, കുപ്പാടി മേഖലകളില്‍ സജ്ജമാക്കിയിരുന്നു. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രന്‍, സൂര്യന്‍ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയില്‍ എത്തിച്ചത്. 

ജനവാസ മേഖലയിലേക്ക് പ്രശ്‌നക്കാരായ വന്യമൃഗങ്ങള്‍ എത്തിയാല്‍ പതിവായി നേരിടുന്ന ആനകളാണ് സുരേന്ദ്രനും സൂര്യനും. മികച്ച പരിശീലനം കിട്ടിയ ഈ രണ്ട് ആനകളെ ജില്ലക്ക് പുറത്തുള്ള ദൗത്യങ്ങള്‍ക്കും കൊണ്ടുപോകാറുണ്ട്. അതേ സമയം വനപാലകരും നാട്ടുകാരും ചേര്‍ന്ന് കാട്ടിലേക്ക് തുരുത്തിയ അരസിരാജ കുപ്പാടി മേഖലയിലെ വനത്തില്‍ തുടരുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനപ്രദേശത്ത് നിന്നാണ് കാട്ടാന ബത്തേരി നഗരത്തിലേക്ക് എത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു ആനയുടെ വരവ്. 

ഈ സമയം നഗരത്തിലൂടെ നടന്നുപോയ വഴിയാത്രക്കാരന്‍ സുബൈര്‍ക്കുട്ടിയെ തുമ്പികൈ കൊണ്ട് വിശിയടിച്ച് നിലത്തിടുകയായിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. ടൗണില്‍ നടപ്പാതയും റോഡും വേര്‍തിരിക്കുന്ന ഹാന്‍ഡ് റെയിലാണ് തന്റെ ജീവന്‍ രക്ഷിച്ചതെന്ന് പരിക്കേറ്റ സുബൈര്‍കുട്ടി പറയുന്നു. ഹാന്‍ഡ് റെയില്‍ ഉള്ളതുകൊണ്ടുമാത്രമാണ് ചവിട്ടേല്‍ക്കാതിരുന്നത്. നടന്നുപോവുന്നതിനിടെ എന്തോ ഒന്ന് പിറകില്‍നിന്ന് വരുന്നതായി തോന്നിയിരുന്നു. 

തിരിഞ്ഞുനോക്കിയ മാത്രയില്‍ തന്നെ ആനയുടെ ആക്രമണം കഴിഞ്ഞിരുന്നുവെന്ന് സുബൈര്‍കുട്ടി പറഞ്ഞു. ആനഭീതി നിലനില്‍ക്കുന്നതിനാല്‍ തന്നെ വേങ്ങൂര്‍ നോര്‍ത്ത്, വേങ്ങൂര്‍ സൗത്ത്, ആര്‍മാട്, കോട്ടക്കുന്ന്, സത്രംകുന്ന്, കട്ടയാട്, ബത്തേരി, ചീനപ്പുല്ല്, പഴുപ്പത്തൂര്‍, കൈവെട്ടാമൂല എന്നീ വാര്‍ഡുകളില്‍ ഇപ്പോഴും നിരേധനാജ്ഞ തുടരുകയാണ്. കുട്ടികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തി ഇത്രയും പ്രദേശങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് ജില്ല കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുമുണ്ട്.

Read More : കാട്ടാനയെ മയക്കുവെടിവെക്കാൻ അനുമതി വൈകുന്നു; പ്രതിഷേധം ശക്തം, വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസിലേക്ക് മാ‍‍ർച്ച്