വിശ്വനാഥന്റെ ഇരു കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അട്ടിയിട്ട പോസ്റ്റുകള്‍, കാല്‍പാദങ്ങളിലേക്ക് വീഴുകയായിരുന്നു.
കോഴിക്കോട്: റോഡരികില്‍ കൂട്ടിയിട്ട കെഎസ്ഇബിയുടെ വൈദ്യുതി തൂണുകള്‍ കാലിലേക്ക് മറിഞ്ഞുവീണ് അധ്യാപകന് ഗുരുതരമായി പരിക്കേറ്റു. കോഴിക്കോട് വെള്ളയില്‍ പ്രവര്‍ത്തിക്കുന്ന റോഷി സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകനും മലപ്പുറം അരീക്കോട് സ്വദേശിയുമായ കെ.വി വിശ്വനാഥ(59)നാണ് പരിക്കേറ്റത്. ബേപ്പൂരില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മടങ്ങവേയാണ് അപകടമുണ്ടായത്. വിശ്വനാഥന്റെ ഇരു കാലുകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. അട്ടിയിട്ട പോസ്റ്റുകള്‍, കാല്‍പാദങ്ങളിലേക്ക് വീഴുകയായിരുന്നു. എല്ലുകള്‍ പൊട്ടി മാംസം അടര്‍ന്നു തൂങ്ങിയ നിലയിലായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. ഉടന്‍ തന്നെ ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇതുസംബന്ധിച്ച് ബേപ്പൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


