ഇടുക്കി: കഴിഞ്ഞ മാസം 21 ന് ഇടമലക്കുടിയിലെ വനത്തില്‍ വച്ച് പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കുട്ടിയാനയെ വിദഗ്ധ പരിചരണം നല്‍കുന്നതിനായി തിരുവനന്തരപുരത്തേക്ക് കൊണ്ടുപോയി. തിരുവനന്തപുരത്തെ കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലായിരിക്കും ഇനി തുടര്‍ പരിചരണം. പരിക്കേറ്റ കുട്ടിയാനയെ ദേവികുളത്തെ വനം വകുപ്പിന്റെ കേന്ദ്രത്തിലാണ് പരിചരിച്ചു വന്നിരുന്നത്. 

പുലിയുടെ ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന തള്ളയാന ചെരിഞ്ഞിരുന്നു. തനിച്ചായ കുട്ടിയാനയെ വനം വകുപ്പിന്റെ കീഴിലുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ നേതൃത്വത്തില്‍ ഇഡലിപ്പാറയില്‍ നിന്ന് ദേവികുളത്ത് എത്തിക്കുകയായിരുന്നു. അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ ഡോ. നിഷാ റേച്ചലിന്റെ നേതൃത്വത്തില്‍ ചികിത്സ നല്‍കുകയും ആര്‍ആര്‍ടി സംഘം പരിചരിച്ചു വരികയും ചെയ്യുകയായിരുന്നു. ദേവികുളത്ത് എല്ലാ ദിവസവും വനം വകുപ്പ് ഉദ്യോസ്ഥര്‍ ആനയെ നിരീക്ഷിച്ചു വരികയായിരുന്നു. 

തനിച്ചാവുകയും കാട്ടില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൂടുതല്‍ ശ്രദ്ധയും പരിചരണവും ആവശ്യമാണെന്ന കണ്ടെത്തലിന്റെ വെളിച്ചത്തിലായിരുന്നു തിരുവനന്തപുരത്തേക്ക് മാറ്റിയത്. ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററിന്റെ നിര്‍ദേശത്തെ തുടര്‍ന്നായിരുന്നു നടപടികള്‍. പിക്ക് അപ്പ് വാഹനത്തിന്റെ പുറകില്‍ തടികള്‍ കൊണ്ടുള്ള പ്രത്യേക കൂട് ക്രമീകരിച്ചായിരുന്നു യാത്ര. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി.ആര്‍. സുരേഷ്, അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സതീഷ്, ദേവികുളം റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ഹരീന്ദ്ര കുമാര്‍, ആര്‍.ആര്‍.ടി റെയിഞ്ച് ഓഫീസര്‍ രജ്ഞിത് എന്നിവരുടെ നേതൃത്യത്തിലായിരുന്നു നടപടികള്‍. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona