വനംവകുപ്പ് കൊട്ടിയൂർ റെയിഞ്ച് ഉദ്യോഗസ്ഥരും മട്ടന്നൂർ പൊലീസുമടക്കമുള്ളവരാണ് തിരച്ചിൽ നടത്തുന്നത് രാത്രി പുറത്തിറങ്ങുന്നവരും പുലർച്ചെ ടാപ്പിംഗ് ജോലിക്കായി പോകുന്നവരും അതീവ ജാഗ്രത പാലിക്കണം.
കണ്ണൂർ: കണ്ണൂർ മട്ടന്നൂരിൽ ടാപ്പിങ് തൊഴിലാളി കണ്ടത് പുലിയെ തന്നെയെന്ന് വനം വകുപ്പ് സ്ഥിരീകരിച്ചു. ഇന്നലെ പുലർച്ചെയാണ് ടാപ്പിംഗ് തൊഴിലാളി പുലിയെ കണ്ടു എന്ന വിവരം പുറത്തുവന്നത്. അയ്യല്ലൂരിൽ കുറുനരിയെ കടിച്ചു കൊന്നിട്ട സ്ഥലത്ത് വനംവകുപ്പ് വച്ച നിരീക്ഷണ ക്യാമറ പരിശോധിച്ചതിൽ നിന്നാണ് പുലിയെ ആണ് തൊഴിലാളി കണ്ടെതെന്ന് സ്ഥിരീകരിച്ചത്. ഈ നിരീക്ഷണ ക്യാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്. പുലിയാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഇതിനെ കണ്ടെത്താനായി പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്. വനംവകുപ്പ് കൊട്ടിയൂർ റെയിഞ്ച് ഉദ്യോഗസ്ഥരും മട്ടന്നൂർ പൊലീസുമടക്കമുള്ളവരാണ് തിരച്ചിൽ നടത്തുന്നത്. പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്. രാത്രി പുറത്തിറങ്ങുന്നവരും പുലർച്ചെ ടാപ്പിംഗ് ജോലിക്കായി പോകുന്നവരും അതീവ ജാഗ്രത പാലിക്കണം.
അതേസമയം കണ്ണൂരിൽ നിന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത എരുമ കുത്താൻ വന്നപ്പോൾ ഭയന്നോടിയ 16 കാരന് കമ്പി കുത്തിക്കയറി ഗുരുതര പരിക്കേറ്റു എന്നതാണ്. കണ്ണൂരിൽ കേരളോത്സവത്തിന് എത്തിയ മത്സരാർത്ഥിയായ പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് സ്വദേശിയായ കെ ഷാമിലിനാണ് പരിക്കേറ്റത്. ഷാമിൽ നിലവിൽ ഗുരുതര പരിക്കോടെ കണ്ണൂരിൽ ചികിത്സയിലാണുള്ളത്. കേരളോത്സവത്തിന് എത്തിയ ഷാമിൽ ആക്രമിക്കാനായി പാഞ്ഞടുത്ത എരുമയെ കണ്ട് ഭയന്നോടുകയായിരുന്നു. ഓട്ടത്തിനിടയിൽ ഷാമിലിന്‍റെ ശരീരത്തിൽ കമ്പി കുത്തിക്കയറുകയായിരുന്നു. ആക്രമിക്കാനെത്തിയ എരുമയുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ ഒരു ഗേറ്റിന്‍റെ കമ്പി തോളത്ത് കുത്തിക്കയറിയാണ് 16 കാരനായ മത്സരാർത്ഥിക്ക് അപകടം സംഭവിച്ചത്. കേരളോത്സവത്തിൽ വട്ടപ്പാട്ട് മത്സരത്തിൽ പങ്കെടുത്ത ശേഷം കണ്ണൂർ എം എ റോഡിലെ താമസ സ്ഥലത്തേക്ക് വരികയായിരുന്നു കുട്ടി. ഈ സമയത്തായിരുന്നു എരുമയുടെ പരാക്രമം. അപ്രതീക്ഷിതമായി ഉണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ ഷാമിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
എരുമ ആക്രമിക്കാനെത്തി; രക്ഷപ്പെടാൻ ഓടിയ 16 കാരന് കമ്പി ശരീരത്തിൽ കയറി ഗുരുതര പരിക്ക്
