തൃശൂർ ജില്ലയിൽ എലിപ്പനി വ്യാപകമാകുന്ന സാഹചര്യത്തിൽ ആറു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. പനി, തലവേദന, പേശിവേദന, മഞ്ഞപ്പിത്ത ലക്ഷണങ്ങൾ എന്നിവ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണാൻ നിർദേശിക്കുന്നു.

തൃശൂർ: തൃശൂര്‍ ജില്ലയില്‍ എലിപ്പനി പടർന്നു പിടിക്കുന്നു. എലിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ആറു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി പടരുന്ന സാഹചര്യത്തില്‍ എലിപ്പനിക്കെതിരെ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി പി ശ്രീദേവി അറിയിച്ചു. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ലെന്ന് ആരോഗ്യ വകുപ്പ് പ്രത്യേകം പറയുന്നുണ്ട്. അതുപോലെ എലിപ്പനിയുടെ ഭാഗമായി മഞ്ഞപ്പിത്ത ലക്ഷണങ്ങളും കാണിക്കും. അതിനാൽ മഞ്ഞപ്പിത്തമാണെന്ന് കരുതി നാടൻ ചികിത്സ പാടില്ല എന്നും ആരോഗ്യ വകുപ്പ് പറയുന്നു.

വയലില്‍ പണിയെടുക്കുന്നവര്‍, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍, മലിനജലവുമായി സമ്പര്‍ക്കത്തില്‍ വരുന്ന വ്യക്തികള്‍ തുടങ്ങിയവരില്‍ രോഗം കൂടുതലായി കണ്ടുവരുന്നു. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും പേശി വേദനയും ആണ് എലിപ്പനിയുടെ ലക്ഷണങ്ങള്‍. കണ്ണില്‍ ചുവപ്പ്, മൂത്രക്കുറവ്, മഞ്ഞപ്പിത്ത ലക്ഷണങ്ങള്‍ എന്നിവയും കണ്ടേക്കാം. മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ് രോഗം ഉണ്ടാവുന്നത്. അതിനാല്‍ ആന്റിസെപ്റ്റിക് ഓയിന്റ്‌മെന്റ് വച്ച് മുറിവ് ഡ്രസ് ചെയ്തതിനുശേഷം ഗംബൂട്ടുകളും കയ്യുറകളും ധരിച്ച് മണ്ണിലും വെള്ളത്തിലുമുള്ള ജോലിക്ക് പോവുക.

എലിപ്പനിക്കെതിരെയുള്ള രോഗപ്രതിരോധ മരുന്നായ ഡോക്‌സി സൈക്ലിന്‍ ഗുളികകള്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശാനുസരണം കഴിക്കുക, കെട്ടിക്കിടക്കുന്ന ജലത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത് കഴിവതും ഒഴിവാക്കുക, ആഹാര സാധനങ്ങളും കുടിവെള്ളവും എലികളുടെ വിസര്‍ജ്യ വസ്തുക്കള്‍ വീണ് മലിനമാകാതിരിക്കാന്‍ എപ്പോഴും മൂടിവയ്ക്കുക തുടങ്ങിയവ പ്രധാനപ്പെട്ട എലിപ്പനി പ്രതിരോധ മാര്‍ഗങ്ങളാണ്.

മഞ്ഞപ്പിത്തം ആണെന്ന് തെറ്റിദ്ധരിച്ച് നാടന്‍ ചികിത്സകളും മറ്റും ചെയ്യുന്നത് അപകടകരമാണ്. അതുകൊണ്ട് സ്വയം ചികിത്സ ചെയ്യാതെ ഉടന്‍തന്നെ ഡോക്ടറെ കണ്ട് ചികിത്സ തേടുവാന്‍ ശ്രദ്ധിക്കണം. പനി ബാധിച്ചാല്‍ മലിന ജലവുമായി സമ്പര്‍ക്കമുണ്ടായിട്ടുണ്ടെങ്കില്‍ അത് ആരോഗ്യ പ്രവര്‍ത്തകരെ പ്രത്യേകം അറിയിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.