കൂട് വച്ച് കടുവയെ പിടികൂടാന്‍ ശ്രമിക്കാതെ വെടിവച്ച് ഓടിക്കാനുള്ള ശ്രമമാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്
സുല്‍ത്താന്‍ബത്തേരി: കടുവയുടെ ആക്രമണമുണ്ടായ പ്രദേശത്ത് പരിശോധന നടത്താനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ കയർത്ത് പ്രദേശവാസികൾ. കൂട് വച്ച് കടുവയെ പിടികൂടാന്‍ ശ്രമിക്കാതെ വെടിവച്ച് കടുവയെ ഓടിക്കാനുള്ള ശ്രമമാണ് നാട്ടുകാരെ പ്രകോപിതരാക്കിയത്. ഇക്കഴിഞ്ഞ ദിവസമാണ് വാകേരി മൂടക്കൊല്ലിയില്‍ കടുവയെത്തി പ്രദേശവാസിയുടെ പന്നിക്കൂട് ആക്രമിച്ചത്. പിന്നാലെ സ്ഥലത്ത് പരിശോധനക്കായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു.
ഈ സമയത്താണ് നാട്ടുകാരായ ചിലര്‍ ഉദ്യോഗസ്ഥരുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്. കടുവക്കായി ഉടന്‍ കൂട് വെക്കണമെന്ന് ആവശ്യപ്പെട്ട ജനങ്ങള്‍ 'വെറും പടക്കം പൊട്ടിച്ച് കടുവയെ തുരത്താന്‍ തങ്ങള്‍ ഇനി സമ്മതിക്കില്ല' എന്ന് കൂടി പറഞ്ഞു. ഇതിനിടെയാണ് ഒരാള്‍ ''പടക്കം പൊട്ടിച്ചാല്‍ പൊട്ടിക്കുന്നവനെ പൊട്ടിക്കും'' എന്ന തരത്തില്‍ ഉള്ള 'തഗ് ഡയലോഗ്' അടിച്ചത്. പ്രദേശത്ത് മുമ്പ് കടുവ വന്നപ്പോള്‍ കാണിച്ച തരികിട പരിപാടികള്‍ ഇനി നടക്കില്ലെന്ന് നാട്ടുകാര്‍ ഒന്നടങ്കം ഉദ്യോഗസ്ഥരോടായി പറയുന്നുമുണ്ട്. കടുവയും ആനയുമടക്കം വന്യമൃഗ ശല്യം അതിരൂക്ഷമായ വാകേരിയിലും പരിസരപ്രദേശങ്ങളിലും ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തിന്റെ നേര്‍ സാക്ഷ്യം കൂടിയായിരുന്നു ഈ പ്രതികരണം.
വളരെ നേരത്തെയോ വൈകിയോ വാകേരി പ്രദേശത്തേക്കോ തിരിച്ചോ യാത്ര സാധ്യമല്ല എന്നാണ് നിലവിലെ അവസ്ഥയേക്കുറിച്ച് നാട്ടുകാര്‍ പറയുന്നത്. സ്വകാര്യ, കെ.എസ്.ആര്‍.ടി.സി ബസ്സുകള്‍ പേരിനു മാത്രമുള്ള പ്രദേശമാണ് വാകേരി. വൈകുന്നേരവും രാവിലെയും ഈ ബസ്സുകള്‍ സര്‍വീസ് നടത്തിയാല്‍ പിന്നീടുള്ള വാകേരിക്കാരുടെ യാത്ര വാഹനങ്ങള്‍ വാടകയ്ക്ക് വിളിച്ചാണ്. റോഡില്‍ എപ്പോള്‍ വേണമെങ്കിലും ആന എത്താമെന്നതിനാല്‍ വാഹനങ്ങളില്‍ അല്ലാതെയുള്ള യാത്രയും സാധ്യമല്ല. ഉപജീവനമാര്‍ഗങ്ങളും യാത്ര മാര്‍ഗ്ഗങ്ങളും എല്ലാം അടഞ്ഞു പോകുന്ന മനുഷ്യരുടെ വൈകാരികമായ പ്രതികരണമാണ് വന്യമൃഗ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കാണുന്നത്.
