ബൈക്കിൽ പിന്നാലെ എത്തി തടഞ്ഞുനിർത്തി ജീപ്പിന്റെ ചില്ല് അടിച്ചു തകർത്തു! നാട്ടുകാർ പിടിച്ച് പൊലീസിലേൽപ്പിച്ചു
വിനോദസഞ്ചാരികളായ ദമ്പതികളെ ആക്രമിച്ച യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു

ഇടുക്കി: വിനോദ സഞ്ചാരികളായ ദമ്പതികളെ ആക്രമിക്കുകയും വാഹനം തല്ലിത്തകർക്കുകയും ചെയ്ത യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഒരാൾ ഓടി രക്ഷപ്പെട്ടു. മാട്ടുപ്പെട്ടി എസ്റ്റേറ്റിൽ നെറ്റിമേട് സ്വദേശി പി ഗോകുൽ (21) നെയാണ് മൂന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ആക്രമണത്തിൽ പരിക്കേറ്റ കുമളി സ്വദേശി സലീം (54), ഭാര്യ അനീഷ (46) എന്നിവരെ ടാറ്റാ ഹൈറേഞ്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് IDUKKI മാട്ടുപ്പെട്ടി ബോട്ടിങ് സെന്ററിന് സമീപത്തെ റോഡിൽ വച്ചാണ് സംഭവം. സലീമും ഭാര്യയും സുഹൃത്ത് കോട്ടയം തിരുവാതുക്കൽ സ്വദേശി സുൽഫി, ഭാര്യ മജ്ജുവും ടോപ് സ്റ്റേഷൻ സന്ദർശനം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. പിന്നാലെ ബൈക്കിൽ വന്ന യുവാക്കൾ അതിവേഗം എത്തി, ഇവർ സഞ്ചരിച്ചിരുന്ന ജീപ്പ് തടഞ്ഞു. കാര്യം മനസിലാകും മുമ്പ് തെറി പറയുകയും, തങ്ങളുടെ ബൈക്കിൽ ഇടിച്ചിട്ട് നിർത്താതെ പോയി എന്നും ആരോപിച്ച് ആക്രമണം നടത്തുകയായിരുന്നു.
ബൈക്ക് നിർത്തി ഇറങ്ങിയ യുവാക്കൾ ആദ്യം ഇവരുടെ ജീപ്പ് തല്ലിത്തകർത്തു. പിന്നാലെ പിന്നിലിരുന്ന സലീമിനെയും ഭാര്യയെയും അക്രമിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാരാണ് ഗോകുലിനെ പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന യുവാവ് നാട്ടുകാർ കൂടിയതോടെ ബൈക്കിൽ കയറി രക്ഷപ്പെട്ടു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എസ്എച്ച് ഒ രാജൻ കെ അരമന, എസ്ഐ അജേഷ്.കെ.ജോൺ എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഞങ്ങൾ ഇവരുടെ ബൈക്ക് ഓവർ ടേക്ക് ചെയ്യുകയോ, ഇടിക്കുകയോ ചെയ്തിട്ടില്ലെന്ന് സഞ്ചാരികൾ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം