അനധികൃത പന്നിഫാമുകൾക്കെതിരെ നാട്ടുകാരുടെ പരാതി. ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ കേശമുനിയിൽ പ്രവർത്തിക്കുന്ന പന്നിഫാമുകൾക്കെതിരെ ആണ് നാട്ടുകാർ പരാതിയുമായി രംഗത്തെത്തിയത്. പ്രദേശത്ത് താമസിക്കാൻ കഴിയുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.
ഇടുക്കി: ഇടുക്കി വാഴത്തോപ്പ് പഞ്ചായത്തിലെ കേശമുനിയിലെ അനധികൃത പന്നിഫാമുകൾ മൂലം ജനജീവിതം ദുസ്സഹമായി. പ്രദേശത്ത് താമസിക്കാൻ കഴിയുന്നില്ലെന്ന പരാതിയുമായി നാട്ടുകാർ രംഗത്ത്. ഫാം അടച്ചുപൂട്ടാൻ ഹൈക്കോടതിയും തദ്ദേശ ഭരണ വകുപ്പ് ട്രൈബ്യൂണലും പഞ്ചായത്തും നൽകിയ ഉത്തരവുകൾക്ക് പുല്ലുവില കൽപ്പിച്ചാണ് അനധികൃത ഫാമുകളുടെ പ്രവർത്തനം.
വാഴത്തോപ്പ് പഞ്ചായത്തിലെ കേശമുനിയിൽ നിരവധി പേർ താമസിക്കുന്ന വീടുകൾക്കും അംഗൻവാടിക്കും സമീപമാണ് അനധികൃത പന്നിഫാമുകളുടെ പ്രവർത്തനം. മിക്ക സമയത്തും ദുർഗന്ധം കാരണം ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത സ്ഥിതിയായി.
പഞ്ചായത്തിലും ആരോഗ്യ വകുപ്പിലും നിരവധി പരാതികൾ നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നതോടെ തദ്ദേശ ഭരണ ട്രൈബ്യൂണലിനെയും ഹൈക്കോടതിയെയും നാട്ടുകാർ സമീപിച്ചു. ഫാം അടച്ചുപൂട്ടാൻ ഉത്തരവും കിട്ടി. അടച്ചുപൂട്ടാൻ വാഴത്തോപ്പ് പഞ്ചായത്ത് പല തവണ നോട്ടീസ് നൽകിയെങ്കിലും ഉടമകൾ തയ്യാറായില്ല. തുടർന്ന് മെയ് മാസത്തിൽ ഇടുക്കി സബ് കളക്ടർ നടത്തിയ പരിശോധനയിൽ തടിയമ്പാട് സ്വദേശികളായ സുരേന്ദ്രൻ, പ്രിയ അനീഷ് എന്നിവർ മൂന്ന് ഫാമുകൾ ലൈസൻസില്ലാതെ നടത്തുന്നതായി കണ്ടെത്തി. അനുമതികളൊന്നുമില്ലെന്ന് ഉടമകൾ തന്നെ സമ്മതിക്കുന്നുണ്ട്.
സബ് കളക്ടറും രണ്ടു തവണ അടച്ചുപൂട്ടാൻ ഉത്തരവ് നൽകി. ഇത് നടപ്പാക്കാൻ ഇടുക്കി പൊലീസിനും വാഴത്തോപ്പ് പഞ്ചായത്തിനും കത്തും നൽകി. ഇതെല്ലാം അവഗണിച്ച് നാട്ടുകാർക്ക് ശല്യമായി ഫാം ഇപ്പോഴും പ്രവർത്തിക്കുകയാണ്. അടച്ചു പൂട്ടണമെന്ന ഉത്തരവ് നടപ്പാക്കാനാണ് പഞ്ചായത്തിൻ്റെ നീക്കം. ഇതിൻ്റെ ഭാഗമായി കോടതിയലക്ഷ്യം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി നടപടിയെുക്കാൻ പഞ്ചായത്ത് ഇടുക്കി പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പന്നിഫാമകളുണ്ടെന്നും നാട്ടുകാർ പരാതിപ്പെടുന്നുണ്ട്.


