നിര്‍മാണ ജോലികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുന്നതരത്തില്‍ ക്രമീകരിക്കാതെ എല്ലാം ഒന്നിച്ചു ചെയ്യാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പണിപൂര്‍ത്തിയാക്കാൻ കരാറിലുള്ള പ്രകാരമുള്ള സമയം കഴിഞ്ഞ് ആറ് മാസങ്ങള്‍ പിന്നിട്ടു. ഇനിയും പാലം പണി പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ എടുക്കേണ്ടിവരും.
ആലപ്പുഴ: കൊവിഡ് മൂന്നാം തരംഗത്തിനുശേഷം സ്‌കൂളുകള്‍ തുറന്നെങ്കിലും ക്ലാസുകളില്‍ എത്തിപ്പെടാന്‍ ആലപ്പുഴ നഗരത്തിലെ വിദ്യാര്‍ത്ഥികള്‍ പാടുപെടുകയാണ്. ദീര്‍ഘവീക്ഷണമില്ലാതെ റോഡുകളും പാലങ്ങളും പൊളിച്ചിട്ടിരിക്കുന്നതും പ്രൈവറ്റുബസുകാര്‍ വിദ്യാര്‍ഥികളോട് മുഖംതിരിക്കുന്നതുമാണ് വിദ്യാര്‍ഥികളെ ദുരിതത്തിലാഴ്‌ത്തുന്നത്. ഈ അധ്യയനവര്‍ഷം കുടുതലും ഓണ്‍ലൈന്‍ ക്ലാസ് ആയിരുന്നതിനാല്‍ വിദ്യാര്‍ഥികള്‍ ദുരിതമറിഞ്ഞിരുന്നില്ല.
എന്നാല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ സ്‌ഥിതി ദുര്‍ഘടമായി. വേനല്‍ക്കാലമെത്തിയതോടെ റോഡുകള്‍ മിക്കതും അറ്റകുറ്റപണിക്കായി പൊളിച്ചിട്ടു. ഈ അശാസ്‌ത്രീയ ഗതാഗത നിയന്ത്രണത്തില്‍ വിദ്യാര്‍ഥികളുടെ അധ്വാനം കൂട്ടുകയാണ്. ആലപ്പുഴ നഗരത്തിലെ ശവക്കോട്ട, കൊമ്മാടി, ഇഎസ്‌ഐ പാലങ്ങള്‍ പൊളിച്ച് പുതിയത് നിര്‍മ്മിക്കുന്നതിനായിട്ടാണ് ആദ്യം ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. തുടര്‍ന്ന് റോഡുകളുടെ നവീകരണ ജോലികള്‍ ആരംഭിച്ചതോടെ ജനത്തിരക്കുള്ള റൂട്ടുകളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടിവന്നു.
ശവക്കോട്ടപാലത്തിന്റെ സ്ലാബ് പണി പൂര്‍ത്തികരിച്ചെങ്കിലും അപ്രോച്ച് റോഡിനുള്ള സ്‌ഥലം ഏറ്റെടുക്കല്‍ ജോലി എങ്ങും എത്തിയില്ല. കൊമ്മാടിയില്‍ പൈലിംഗ് ആരംഭിച്ചതേയുള്ളു ഇ.എസ്.ഐ കലിങ്കിന്റെ ജോലികള്‍ പൂര്‍ത്തികരിച്ചിട്ടില്ല. പിച്ചു അയ്യര്‍ ജംഗ്‌ഷന്‍ മുതല്‍ വൈ.എം.സി.എ വരയുള്ള റോഡിന്റെ ഇരുവശവും കാനയോടുകൂടിയുള്ള പുനര്‍നിര്‍മ്മാണം ആരംഭിച്ചതോടെ നഗരത്തില്‍ കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് സ്വകാര്യ ബസുകള്‍ക്ക് തിരിച്ചടിയായി.
പുന്നമട, ഫിനിഷിങ് പോയിന്റ്, ജില്ലാക്കോടതിപ്പാലം, തോണ്ടന്‍കുളങ്ങര, ആസ്‌പിന്‍വാള്‍, മുല്ലക്കല്‍ റോഡുകളും, നിര്‍മ്മാണത്തിന്റെ പേരില്‍ പൊളിച്ചിട്ടിരിക്കുകയാണ്. നിര്‍മാണ ജോലികള്‍ ഘട്ടംഘട്ടമായി പൂര്‍ത്തിയാക്കുന്നതരത്തില്‍ ക്രമീകരിക്കാതെ എല്ലാം ഒന്നിച്ചു ചെയ്യാനുള്ള പൊതുമരാമത്ത് വകുപ്പിന്റെ തീരുമാനമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പണിപൂര്‍ത്തിയാക്കാൻ കരാറിലുള്ള പ്രകാരമുള്ള സമയം കഴിഞ്ഞ് ആറ് മാസങ്ങള്‍ പിന്നിട്ടു. ഇനിയും പാലം പണി പൂര്‍ത്തീകരിക്കാന്‍ മാസങ്ങള്‍ എടുക്കേണ്ടിവരും.
