ജ്വല്ലറിയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് അറസ്റ്റിലായി. മലപ്പുറം ചെമ്പ്രശ്ശേരി സ്വദേശി സുലൈമാൻ ആണ് പിടിയിലായത്. സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രമുഖ ജൂവലറിയിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുക്കുകയായിരുന്നു.

കളമശ്ശേരി: സൈബർ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് പ്രമുഖ ജൂവലറിയിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ യുവാവ് അറസ്റ്റിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് പിടിയിലായത്.

സ്വർണം കൈക്കലാക്കിയ ശേഷം ഒന്നര മാസത്തോളം പ്രതി ബംഗളൂരു, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ മാറിമാറി താമസിച്ചു വരികയായിരുന്നു.

കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എൽ അഭിലാഷിന്റെ നേതൃത്വത്തിൽ മഞ്ചേരി പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാളിൽ നിന്ന് ആഡംബര കാറും വ്യാജ ആധാർ കാർഡും പിടിച്ചെടുത്തു. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നും ഇവരെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.