പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പ്രതി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചു.
ആലപ്പുഴ: പെൺകുട്ടിയെ പൊതുസ്ഥലത്ത് വച്ച് ഉപദ്രവിച്ച കേസിലെ പ്രതിയെ നാടുവിടാനുള്ള ശ്രമത്തിനിടെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് നടുവട്ടം വൃന്ദാവനം വീട്ടിൽ ബേബി (44) ആണ് പിടിയിലായത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന പ്രതി സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നു. എന്നാൽ കോടതി ജാമ്യം നിഷേധിച്ചു. ഇതിന് പിന്നാലെയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജാമ്യം കിട്ടാതായതോടെ പ്രതി നാടു വിടാൻ തീരുമാനിച്ചു. ഇതിന് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിന് ഇന്നലെ വൈകുന്നേരം ബേബി വീട്ടിലെത്തിയതായി പൊലീസിന് രഹസ്യ വിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസ് പ്രതിയെ വീടിന്റെ സമീപത്തു നിന്നും പിടികൂടുകയായിരുന്നു.
ഹരിപ്പാട് ഇൻസ്പെക്ടർ എസ് എച്ച് ഓ ശ്യാംകുമാർ, സബ് ഇൻസ്പെക്ടർമാരായ സുജിത്ത്, ഷൈജ, ശ്രീകുമാർ. സീനിയർ സിവിൽ പൊലീസ് ഓഫീസർ സുരേഷ്, സിവിൽ പൊലീസ് ഓഫീസർമാരായ സോജു എസ് പിള്ള, വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read More : വയനാട്ടിൽ വനിതാ പ്രൊട്ടക്ഷൻ ഓഫീസറെ പട്ടിയെ അഴിച്ചുവിട്ട് കടിപ്പിച്ച കേസ്; പ്രതി റിമാൻഡിൽ
അതിനിടെ ആലപ്പുഴയില്‍ ദേശീയ പാതയിൽ നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറിയിടിച്ച് തടി ലോറി മറിഞ്ഞു. അമ്പലപ്പുഴ കാക്കാഴം റെയിൽവെ മേൽപ്പാലത്തിന് വടക്ക് ആണ് സംഭവം. നിയന്ത്രണം തെറ്റിയ പാഴ്സൽ ലോറി തടി ലോറിയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. ഇടിയേറ്റ് തടി ലോറി മറിഞ്ഞു. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ പാഴ്സൽ ലോറി ഡ്രൈവർ എറണാകുളം മൂത്തകുന്നം പാലമറ്റത്ത് ചെറിയാന്‍റെ മകൻ ആകേഷ് (38) ന് പരിക്കേറ്റു. തിരുവനന്തപുരം ഭാഗത്തു നിന്ന് വന്ന മിനി പാഴ്സൽ ലോറി നിയന്ത്രണം തെറ്റി തൊട്ടു മുന്നിൽ തടി കയറ്റിപ്പോയ ലോറി ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
