കോഴിക്കോട് യുവാക്കളെ ഭീഷണിപ്പെടുത്തി പണവും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിലെ നാലാം പ്രതിയെ കസബ പോലീസ് പിടികൂടി. പൊട്ടിയ ബിയർ കുപ്പിയും വെട്ടുകത്തിയും കാണിച്ച് ഭീഷണിപ്പെടുത്തിയായിരുന്നു സംഘം കവർച്ച നടത്തിയത്. 

കോഴിക്കോട്: യുവാക്കളെ ഭീഷണിപ്പെടുത്തി പണവും ഫോണുകളും തട്ടിയ കേസിലെ നാലാം പ്രതി പിടിയില്‍. കോഴിക്കോട് വെള്ളിമാടുകുന്ന് സ്വദേശി തയ്യില്‍പുറായില്‍ വീട്ടില്‍ മുഹമ്മദ് ഷാമിലി(24) നെയാണ് കസബ പോലീസ് മേരിക്കുന്ന് വെച്ച് പിടികൂടിയത്.കഴിഞ്ഞ ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനെ കാണാന്‍ പുതിയപാലത്തെത്തിയ യുവാക്കളെ സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന പ്രതികള്‍ ചേര്‍ന്ന് പൊട്ടിച്ച ബിയര്‍ കുപ്പിയും വെട്ടുകത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് യുവാക്കളുടെ കൈവശമുണ്ടായിരുന്ന ഐഫോണ്‍ ഉള്‍പ്പെടെ മൂന്ന് മൊബൈല്‍ ഫോണുകളും, പണമടങ്ങിയ പേഴ്സും തട്ടിയെടുത്തു. 

കേസില്‍ പ്രതികളായ പുതിയപാലം പട്ടര്‍മീത്തില്‍ അഖീഷ്(29), കൊമ്മേരി മേനിച്ചാല്‍ മീത്തല്‍ വിനയരാജ്(27) തിരുത്തിയാട് കാട്ടുപറമ്പത്ത് അജല്‍(27) എന്നിവരെ കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കസബ ഇന്‍സ്പക്ടര്‍ ജിമ്മിയുടെ നിര്‍ദേശപ്രകാരം എസ്ഐ സനീഷ്, എഎസ്ഐ സജേഷ് കുമാര്‍, സിപിഒ ഇര്‍ഷാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.