കോഴിക്കോട് സ്വദേശിയായ റസാഖ് ബാങ്കില്‍ നിന്ന് വായ്പ എടുത്ത് തിരിച്ചടവ് മുടക്കിയതിന് പിന്നാലെ ഈട് മറ്റൊരു ബാങ്കില്‍ പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്തു.
കോഴിക്കോട്: ബാങ്കിനെ കബളിപ്പിച്ച് പണം തട്ടിയെടുത്ത കേസില്‍ പൊലീസ് അറസ്റ്റ്. കോഴിക്കോട് ഉള്ളിയേരി മുണ്ടോത്ത് സ്വദേശി കരുവാന്‍കണ്ടി റസാഖി(50)നെയാണ് ടൗണ്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ജിതേഷും സംഘവും പിടികൂടിയത്. കോഴിക്കോട് കെപി കേശവമേനോന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടത്തിയ ക്രമക്കേടിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2015 ഫെബ്രുവരിയിലാണ് ഇയാള്‍ ബാങ്കില്‍ നിന്ന് ഭവന വായ്പ എടുത്തത്.
വര്‍ഷങ്ങളായി ഇതില്‍ തിരിച്ചടവ് മുടങ്ങിക്കിടക്കുകയായിരുന്നു. അതേസമയം ഈ ബാങ്കില്‍ ഈടായി വച്ച വസ്തു അധികൃതര്‍ അറിയാതെ ഭാര്യയുടെ പേരിലേക്ക് മാറ്റുകയും അതേ വസ്തു ഉപയോഗിച്ച് മറ്റൊരു ബാങ്കില്‍ നിന്നും ലോണ്‍ തരപ്പെടുത്തുകയും ചെയ്തു. പഞ്ചാബ് നാഷണല്‍ ബാങ്കിന് 1,36,27,784 കോടി രൂപയുടെ നഷ്ടം വരുത്തിവെച്ചുവെന്നാണ് കേസ്. ടൗണ്‍ പോലീസ് സംഘം ഉള്ള്യേരിയില്‍ നിന്നാണ് റസാഖിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

