മറ്റൊരു പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി വിയ്യൂർ പൊലീസ് പറഞ്ഞു...  

തൃശൂർ : പാനൂരില്‍ കാര്‍ തടഞ്ഞു നിര്‍ത്തി കത്തി കാട്ടി കവര്‍ച്ച നടത്തിയ സംഭവത്തില്‍ ഒരാള്‍ പടിയിലായി. വടക്കാഞ്ചേരി സ്വദേശി അനുരാജാണ് പിടിയിലായത്. മലപ്പുറം കാളികാവ് സ്വദേശി പ്രണവിന്‍റെ സ്വര്‍ണവും പണവും മൊബൈലുമാണ് കവര്‍ന്നത്. രണ്ടാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി വിയ്യൂര്‍ പൊലീസ് അറിയിച്ചു.

ഇന്നലെ രാത്രിയായിരുന്നു സംഭവം. എറണാകുളത്ത് നിന്ന് ജോലികഴിഞ്ഞ് കാറില്‍ വീട്ടിലേക്കു മടങ്ങുകയായിരുന്നു പ്രണവ്. ഗൂഗിള്‍ മാപ്പുപയോഗിച്ചതിനാല്‍ വടക്കാഞ്ചേരിഭാഗത്തേക്ക് താണിക്കുടം വഴിയായിരുന്നു പോയിരുന്നത്. പാമ്പൂരെത്തിയപ്പോള്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം വാഹനം തടഞ്ഞു നിര്‍ത്തി. കത്തി കാട്ടി ഭീഷണിപ്പെടുത്തി പ്രണവിന്‍റെ മൊബൈലും വാച്ചും സ്വര്‍ണമാലയും പേഴ്സിലുണ്ടായിരുന്ന 1500 രൂപയും കൈക്കലാക്കി. 

കാറിന്‍റെ കാറ്റ് കുത്തിവിടുകയും ചെയ്തു. പ്രതികള്‍ പോയശേഷം തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറിയ പ്രണവ് കാര്യങ്ങള്‍ ധരിപ്പിച്ചു. വിവരമറിഞ്ഞെത്തിയ വിയ്യൂര്‍ പൊലീസ് പ്രണവുമൊന്നിച്ച് സ്റ്റേഷനിലേക്ക് വരും വഴി പ്രതികളിലൊരാളായ അനുരാജ് ബൈക്കില്‍ പോകുന്നത് കണ്ടു. തടഞ്ഞു നിര്‍ത്തി കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഒപ്പമുണ്ടായിരുന്ന പ്രതിക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു. സമാനകേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ അനുരാജെന്ന് പൊലീസ് അറിയിച്ചു.

Read More : ഒരുമിച്ച് പ്രവർത്തിച്ചാൽ ഫലമുണ്ടാകും, പാർട്ടിയിൽ ഐക്യം ഓർമപ്പെടുത്തി മല്ലികാ‌ർജുൻ ഖാർഗെ