തിരുവനന്തപുരം: ഹാന്‍റി ക്രാഫ്റ്റ്  കട കുത്തിത്തുറന്ന്  ആഭരണങ്ങൾ മോഷ്ടിച്ച കേസിലെ പ്രതിയെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തു. കോവളം ആവാടുതുറ നീലകണ്ഠ കോളനി ആലുനിന്ന വീട്ടിൽ ദിലീപ് ഖാൻ(37) ആണ് കസ്റ്റഡിയിലായത്. കോവളം ജംഗ്ഷനിലെ സ്ഥാപനത്തിൻറെ  പൂട്ട് തകർത്ത്  വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന നെക്‌ലസ്സുകൾ, ബ്രെയ്‌സ് ലെറ്റുകൾ, വളകൾ, വിവിധ തരം കീ ചെയിനുകൾ, വെളളിയിൽ നിർമ്മിച്ച ആഭരണങ്ങൾ, മോതിരങ്ങൾ എന്നിവയാണ് കവർച്ച ചെയ്തത്.  മോഷണത്തിന് ശേഷം  വീട്ടിൽ ഒളിപ്പിച്ചിരുന്ന ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു.

മറ്റൊരു മോഷണക്കേസിൽ ജയിലിലായിരുന്ന ഇയാൾ നാലുമാസം മുമ്പ് ശിക്ഷ കഴിഞ്ഞെത്തിയാണ് വീണ്ടും മോഷണം നടത്തിയത്. ഇയാളുടെ പേരിൽ നിരവധി മോഷണക്കേസുകളുണ്ടെന്നും കോവളം ഇൻസ്‌പെക്ടർ പി.അനിൽകുമാർ പറഞ്ഞു.

എസ്.ഐ.മാരായ അനീഷ്‌കുമാർ, മണികണ്ഠനാശാരി, ഷാജികുമാർ, എ.എസ്.ഐ  ശ്രീകുമാർ, സിപിഒ മാരായ ബിജേഷ്,രാജേഷ്, ശ്രീകാന്ത്, ലജീവ് അരുൺ എന്നിവരടങ്ങിയ  സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.