മുക്കംപാലമൂട് മൂങ്ങോട് ശൈലേഷിന്‍റെ വീട് ആക്രമിച്ച കേസിലെ പ്രധാന പ്രതി ആൽബിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരി ഉപയോഗിച്ച ശേഷം ബഹളം വയ്ക്കുന്നത് വിലക്കിയതിലുഉള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

തിരുവനന്തപുരം : മുക്കംപാലമൂട് മൂങ്ങോട് ശൈലേഷിന്‍റെ പൂട്ടിയിട്ടിരുന്ന വീടിന്‍റെ ജനൽ ഗ്ലാസുകൾ അടിച്ചു തകർത്ത കേസിലെ പ്രധാന പ്രതി വിളപ്പിൽശാല കാവിൻപുറം സ്വദേശി ആൽബിനെ (32) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലർച്ചെ അഞ്ചോളം പേരടങ്ങിയ സംഘം വീട്ടിൽ അതിക്രമിച്ചെത്തി അക്രമം നടത്തിയെന്നായിരുന്നു പരാതി. 

കൂടാതെ, അക്രമികൾ വീടിന് മുന്നിലെ ബുദ്ധ പ്രതിമയുടെ കഴുത്ത് വെട്ടി തകർക്കുകയും കെഎസ്ഇബി മീറ്റർ ബോർഡ് തകർത്ത് ഫ്യൂസ് ഊരി മാറ്റുകയും സിസിടിവി ക്യാമറകളടക്കം നശിപ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ, അക്രമികളിൽ രണ്ട് പേരുടെ ദൃശ്യം സമീപത്തെ സിസിടിവി കാമറയിലുണ്ടായിരുന്നു. ഇത് നിരീക്ഷിച്ചാണ് പൊലീസ് പ്രധാന പ്രതിയെ കുടുക്കിയത്. ലഹരി ഉപയോഗിച്ച ശേഷം ബഹളം വയ്ക്കുന്നത് പറഞ്ഞു വിലക്കിയതിലുഉള്ള വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് വിളപ്പിൽശാല പൊലീസ് പറഞ്ഞു.മറ്റ് പ്രതികൾ ഉടൻ പിടിയിലാകുമെന്ന് പൊലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

YouTube video player