പോലീസിന്റെ അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 112-ലേക്ക് വിളിച്ച് വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തളിക്കുളം സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയുമായ ഷാഹിദ് ആണ് അറസ്റ്റിലായത്. ഇയാള്‍ മനഃപ്പൂര്‍വം പോലീസിനെ കബളിപ്പിക്കുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
തൃശൂര്‍: പോലീസിന്റെ അടിയന്തര പ്രതികരണ സംവിധാനമായ 112 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറിലേയ്ക്ക് വിളിച്ച് വ്യാജ സഹായ അഭ്യര്‍ഥന നടത്തിയ സംഭവത്തില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ തളിക്കുളം പത്താംകല്ല് വയല്‍ പാലം സ്വദേശി പണിക്കവീട്ടില്‍ ഷാഹിദ് (36) ആണ് അറസ്റ്റിലായത്. അടിയന്തര പോലീസ് സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇയാള്‍ അടിയന്തര പ്രതികരണ സംവിധാനത്തിന്റെ (ഇ.ആര്‍.എസ്.എസ്.) കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചിരുന്നു. ഈ വിവരം കോൺട്രോൾ റൂമിൽ നിന്ന് വാടാനപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. എന്നാൽ പോലീസ് സ്റ്റേഷനിൽ നിന്നും തിരികെ വിളിച്ചപ്പോള്‍ ലഹരിക്ക് അടിമപ്പെട്ട നിലയില്‍ സംസാരിച്ച ഇയാള്‍ കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഷാഹിദ് മനഃപ്പൂര്‍വം പോലീസിനെ കബളിപ്പിക്കുന്നതിനായി വിളിച്ചതാണെന്ന് കണ്ടെത്തി. അടിയന്തര ഘട്ടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് സഹായമെത്തിക്കേണ്ട പോലീസ് സേനയേയും സംവിധാനങ്ങളേയും ദുരുപയോഗം ചെയ്തതിന് വാടാനപ്പള്ളി പോലീസ് ഷാഹിദിനെതിരേ കേസെടുത്തു. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. വാടാനപ്പള്ളി, വലപ്പാട്, തൃശൂര്‍ ഈസ്റ്റ്, വാളയാര്‍ പോലീസ് സ്റ്റേഷന്‍ പരിധികളിലായി 20.5 കിലോ കഞ്ചാവ് വില്‍പ്പനക്കായി കടത്തിക്കൊണ്ട് വന്ന കേസിലും ആറ് അടിപിടിക്കേസുകളിലും പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും ലഹരി ഉപയോഗിച്ച് വാഹനമോടിച്ച കേസിലും മനുഷ്യജീവന് അപകടം വരുത്തുന്ന പ്രവൃത്തി ചെയ്ത കേസിലും അടക്കം പതിനൊന്ന് ക്രമിനല്‍ കേസുകളില്‍ ഷാഹിദ് പ്രതിയാണ്.





