എറണാകുളം എസ് ആർ എം റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് തീവച്ച് നശിപ്പിച്ച കേസിൽ മുഹമ്മദ് ബിലാൽ എന്നയാൾ അറസ്റ്റിലായി. യുവാക്കളുമായുള്ള തർക്കത്തെ തുടർന്ന് ആളുമാറിയാണ് ഇയാൾ മറ്റൊരാളുടെ ബുള്ളറ്റിന് തീയിട്ടത്. ഒളിവിൽ പോയ പ്രതിയെ ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ ഇടുക്കിയിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കൊച്ചി: എറണാകുളം എസ് ആർ എം റോഡിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് തീവച്ച് നശിപ്പിച്ച കേസിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ആലപ്പുഴ അരൂക്കുറ്റി സ്വദേശി മുഹമ്മദ് ബിലാൽ (28) അറസ്റ്റിലായി. ഇടുക്കി പോലീസിന്റെ സഹായത്തോടെ എറണാകുളം സെൻട്രൽ അസിസ്റ്റന്റ് കമ്മീഷണർ സിബി ടോമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 8-ന് രാത്രി 11 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
സംഭവദിവസം എസ് ആർ എം റോഡിൽ വച്ച് കുറച്ച് യുവാക്കളുമായി ബിലാൽ വാക്കേറ്റത്തിൽ ഏർപ്പെട്ടിരുന്നു. തർക്കത്തിന് ശേഷം യുവാക്കൾ അവിടെനിന്ന് മടങ്ങി. തുടർന്ന്, തർക്കമുണ്ടായ യുവാക്കളുടേതാണെന്ന തെറ്റിദ്ധാരണയിൽ സമീപത്ത് നിർത്തിയിട്ടിരുന്ന മറ്റൊരാളുടെ ബുള്ളറ്റിന് പ്രതി തീ കൊളുത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ആരാണ് കൃത്യം ചെയ്തതെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിരുന്നില്ല. തുടർന്ന്, പോലീസും സൈബർ സെല്ലും ഫോറൻസിക് ടീമും ചേർന്ന് നടത്തിയ ദിവസങ്ങൾ നീണ്ട ശാസ്ത്രീയ അന്വേഷണത്തിലാണ് സംശയം ബിലാലിലേക്ക് നീണ്ടത്. പ്രതിയുടെ പഴയ കേസുകളും ചിത്രങ്ങളും പരിശോധിച്ച പോലീസ് ബുള്ളറ്റ് കത്തിച്ചത് ബിലാൽ തന്നെയാണെന്ന് ഉറപ്പിച്ചു.
കേസ് രജിസ്റ്റർ ചെയ്ത വിവരമറിഞ്ഞ് ഒളിവിൽ പോയ ഇയാൾ ഇടുക്കിയിലുണ്ടെന്ന് തിരിച്ചറിയുകയും തുടർന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. എറണാകുളം ടൗൺ നോർത്ത് ഇൻസ്പെക്ടർ സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരച്ചിലിൽ ഇടുക്കി സബ് ഇൻസ്പെക്ടർ മഹേഷ് പി.വി, നോർത്ത് എസ്.ഐ ഇ.എം. ഷാജി, എ.എസ്.ഐമാരായ സന്തോഷ്, സുനിൽ, ജലീൽ, എസ്.സി.പി.ഒമാരായ സുമേഷ്, അജിലേഷ്, പ്രശാന്ത് ബാബു, ഹരീഷ് ബാബു, ജിമ്മി, വിബിൻ എന്നിവരും പങ്കെടുത്തു.


