ഗവർണർ രാജേന്ദ്ര അർലേക്കറുമായുള്ള വിജയ്‍യുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിർണായക തീരുമാനത്തിലെത്തിയതായാണ് വിവരം. സർക്കാരുണ്ടാക്കാൻ ഗവർണർ വിജയ്‍യെ ക്ഷണിച്ചേക്കും. വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ സഖ്യകക്ഷികൾ രംഗത്തെത്തുകയും ചെയ്തു.
ചെന്നൈ: ദിവസങ്ങൾ നീണ്ടുനിന്ന രാഷ്ട്രീയ നീക്കങ്ങൾക്ക് തമിഴ്നാട്ടിൽ പരിസമാപ്തിയാവുന്നതായി സൂചന. ഗവർണർ രാജേന്ദ്ര അർലേക്കറുമായുള്ള വിജയ്‍യുടെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം നിർണായക തീരുമാനത്തിലെത്തിയതായാണ് വിവരം. സർക്കാരുണ്ടാക്കാൻ ഗവർണർ വിജയ്‍യെ ക്ഷണിച്ചേക്കും. വിജയ്ക്ക് പിന്തുണയുമായി ഡിഎംകെ സഖ്യകക്ഷികൾ രംഗത്തെത്തുകയും ചെയ്തു. ഗവർണർ വിജയ്‍യെ ക്ഷണിക്കണമെന്ന് ഡിഎംകെ ആവശ്യപ്പെട്ടു. അതേസമയം, ഗവർണർ ക്ഷണിച്ചാൽ സത്യപ്രതിജ്ഞ 2 ദിവസത്തിനകം നടന്നേക്കും. ഡിഎംകെ-എഐഎഡിഎംകെ സഖ്യസാധ്യത പാതിവഴിയിൽ ഉപേക്ഷിച്ചതിൻ്റെ പശ്ചാത്തലത്തിലാണ് തമിഴ്നാട്ടിൽ നിർണായക തീരുമാനം ഉണ്ടാവുന്നത്.
അതേസമയം, മറീന ബീച്ച് പരിസരത്ത് സുരക്ഷ ശക്തമാക്കി പൊലീസ്. ആളുകൾ കൂട്ടംകൂടി നിൽക്കരുതെന്ന് പൊലീസ് നിർദേശം നൽകി. ജെല്ലിക്കെട്ട് പ്രക്ഷോഭ മാതൃകയിൽ ജെൻ സി പ്രതിഷേധത്തിനുള്ള സാധ്യത മുന്നിൽകണ്ടാണ് പൊലീസ് സുരക്ഷ ശക്തമാക്കിയത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും തമിഴ്നാട് രാഷ്ട്രീയം കലുഷിതമായി തുടരുകയായിരുന്നു.
സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിച്ച് ടിവികെ നേതാവ് വിജയ് ഇന്നലെ ഗവർണറെ കണ്ടെങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 അംഗങ്ങളുടെ പിൻബലമുണ്ടായില്ല. 112 പേർ ഒപ്പിട്ട കത്താണ് ഗവർണർക്ക് നൽകിയത്. ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യമായ അംഗസംഖ്യ ഉറപ്പാക്കാൻ നിർദേശിച്ച് ഗവർണർ രാജേന്ദ്ര അർലേകർ ടിവികെ തലവനെ മടക്കുകയായിരുന്നു. മുസ്ലിം ലീഗും സിപിഐയും ഡിഎംകെയ്ക്ക് ഒപ്പം നിൽക്കുമെന്ന നിലപാടിലാണ് വിജയ്. മറ്റ് ചെറുകക്ഷികളിൽ ആരെയെങ്കിലും ഒപ്പം കൂട്ടി സംസ്ഥാനത്ത് അധികാരത്തിലെത്താനുള്ള ശ്രമമാണ് ടിവികെ നടത്തുന്നത്.



