കോഴിക്കോട് കാരശ്ശേരിയിൽ ജീപ്പ് തെന്നി നീങ്ങിയതിനെ തുടർന്ന് ടയറിനടിയിൽ കല്ല് വെയ്ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് മറിഞ്ഞ് വയോധികനായ കർഷകൻ മരിച്ചു. ഭാര്യക്കൊപ്പം കൃഷി സ്ഥലത്തേക്ക് പോകുമ്പോഴായിരുന്നു അപകടം.

കോഴിക്കോട്: ജീപ്പ് തെന്നി നീങ്ങിയതിനെ തുടര്‍ന്ന് ടയറിനടിയില്‍ കല്ല് വെയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനം ദേഹത്തേക്ക് മറിഞ്ഞ് വയോധികന്‍ മരിച്ചു. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ തേക്കുംകുറ്റി സ്വദേശി പറമ്പാടന്‍ അലവിക്കുട്ടിയാണ് മരിച്ചത്. ഊരാളിക്കുന്ന് കൊളക്കാടന്‍മലയില്‍ ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.

Add Asianetnews as a Preferred SourcegooglePreferred

കാരശ്ശേരി പഞ്ചായത്തിന്റെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് വാങ്ങിയിട്ടുള്ള അലവികുട്ടി, ഭാര്യക്കൊപ്പം കൊളക്കാടന്‍ മലയിലെ അവരുടെ കൃഷി സ്ഥലത്തേക്ക് പോയതായിരുന്നു. കൃഷിക്ക് ഉപയോഗിക്കാനായി ചാക്കില്‍ വളം ഉള്‍പ്പെടെയായാണ് യാത്ര തിരിച്ചത്. കയറ്റത്തില്‍ വച്ച് ജീപ്പ് പിറകിലേക്ക് നിരങ്ങിയപ്പോള്‍ അലവിക്കുട്ടി ഭാര്യയോട് വാഹനത്തില്‍ നിന്നിറങ്ങി ടയറിന്റെ അടിയില്‍ കല്ല് വെയ്ക്കാന്‍ പറഞ്ഞു. കല്ല് വച്ചിട്ടും ബ്രേക്ക് ലഭിക്കാതായതോടെ ഇദ്ദേഹം തന്നെ വണ്ടിയില്‍ നിന്നിറങ്ങി മറ്റൊരു കല്ല് വയ്ക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഇതിനിടെ ജീപ്പ് അലവിക്കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു. ഭാര്യയുടെ ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി ഇദ്ദേഹത്തെ പുറത്തെടുക്കുകയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തെങ്കിലും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.