ഉറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്.

കൽപ്പറ്റ : മണ്ണെണ്ണ വിളക്കിൽ നിന്നും തീപിടിച്ച് വയോധികന് ദാരുണാന്ത്യം. വയനാട് പിലാക്കാവ് സ്വദേശി ജെസ്സി കൃഷ്ണനാണ് മരിച്ചത്. ഉറങ്ങുന്നതിനിടെ സമീപത്ത് വെച്ച മണ്ണെണ്ണ വിളക്ക് മറിഞ്ഞ് വീണാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇയാൾ വീട്ടിൽ തനിച്ചാണ് താമസിച്ചു വന്നിരുന്നത്. രാവിലെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കത്തി കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനോട് ചേർന്ന് മണ്ണെണ്ണ വിളക്ക് മറിഞ്ഞു കിടക്കുന്നുണ്ട്. ധരിച്ച വസ്ത്രവും, കമ്പിളിയും ഭാഗികമായി കത്തി പ്പോയി. മാനന്തവാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കാസർകോട് കുഡ്‍ലുവിൽ ബിജെപി പ്രവർത്തകർ തമ്മിൽ കത്തിക്കുത്ത്

കാസർകോട്: കാസർകോട് കുഡ്‍ലുവിൽ മദ്യലഹരിയിൽ ബിജെപി പ്രവർത്തകർ തമ്മിൽത്തല്ലും കത്തിക്കുത്തും. സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. പ്രശാന്ത് എന്ന ബിജെപി പ്രവർത്തകനാണ് വയറ്റിൽ കുത്തേറ്റത്. പരിക്കേറ്റ പ്രശാന്തിനെ മെംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിജെപി പ്രവർത്തകനായ മഹേഷാണ് പ്രശാന്തിനെ കുത്തിയത് എന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം മാത്രമേ അറസ്റ്റ് രേഖപ്പെടുത്തൂ. 

മദ്യപാനത്തിന് ശേഷമുള്ള വാക്കുതർക്കമാണ് ഇരുവരും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചതെന്നാണ് വിവരം. പത്ത് സെന്‍റിമീറ്ററോളം നീളത്തിൽ പ്രശാന്തിന്‍റെ വയറിൽ കീറലുണ്ടെന്നാണ് ഡോക്ടർമാർ വ്യക്തമാക്കുന്നത്. നിലവിൽ പ്രശാന്ത് അപകടനില തരണം ചെയ്തിട്ടുണ്ട്. എസ്‍ഡിപിഐ പ്രവർത്തകനായ സൈനുൽ ആബിദിനെ 2013-ൽ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് ഇരുവരും. കുത്തേറ്റ പ്രശാന്ത് 15 കേസുകളിൽ പ്രതിയാണ്. ഇയാൾക്കെതിരെ നേരത്തേ കേരളാ പൊലീസ് കാപ്പ ചുമത്തിയിരുന്നു. നാല് മാസം മുമ്പാണ് കാപ്പ പിൻവലിച്ചത്. കുത്തിയ മഹേഷും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്.