കോഴിക്കോട് വടകര ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവത ക്ഷേത്രത്തില്‍ പകല്‍ സമയത്ത് മോഷണം നടന്നു. ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്ന മോഷ്ടാവിൻ്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇത് രണ്ടാം തവണയാണ് ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നത്.
കോഴിക്കോട്: പകല്‍ സമയത്ത് ക്ഷേത്രത്തില്‍ കയറിയ യുവാവ് ഭണ്ഡാരം തകര്‍ത്ത് പണവുമായി കടന്നുകളഞ്ഞു. കോഴിക്കോട് വടകര ചെമ്മരത്തൂര്‍ മേക്കോത്ത് പരദേവത ക്ഷേത്രത്തിലാണ് നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ച കവര്‍ച്ച നടന്നത്. ശനിയാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ആരുമില്ലാത്ത സാഹചര്യം നോക്കിയെത്തിയ മോഷ്ടാവ് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവരുകയായിരുന്നു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ക്ഷേത്രവളപ്പില്‍ അതിക്രമിച്ചു കയറിയ മോഷ്ടാവ് അകത്തുണ്ടായിരുന്ന ഭണ്ഡാരം കുത്തിത്തുറക്കുകയായിരുന്നു. ഉള്ളിലുണ്ടായിരുന്ന പണം മുഴുവന്‍ കവര്‍ന്നാണ് ഇയാള്‍ കടന്നുകളഞ്ഞത്. ക്ഷേത്രത്തിന് സമീപത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറ മോഷ്ടാവിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. മോഷണത്തിന്റെ പൂര്‍ണ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഒരാള്‍ മാത്രമാണ് കൃത്യത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോഷണം സംബന്ധിച്ച് ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ വടകര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് ഈ ക്ഷേത്രത്തില്‍ കവര്‍ച്ച നടക്കുന്നത്.


