പെൻഷനുമായി  ബന്ധപ്പെട്ട കാര്യത്തിന് വാർഡ് മെമ്പർ ചാമിയുടെ കുടിലിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

കല്‍പ്പറ്റ: വയനാട്ടില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. മേപ്പാടി കൂട്ടമുണ്ട സബ് സ്റ്റേഷന് സമീപം വനത്തോട് ചേർന്ന് കുടിൽ കെട്ടി താമസിച്ചിരുന്ന ചാമിയാണ് മരിച്ചത്. ഇയാല്‍ തനിച്ചായിരുന്നു താമസമെന്ന് പൊലീസ് പറഞ്ഞു. പെൻഷനുമായി ബന്ധപ്പെട്ട കാര്യത്തിന് വാർഡ് മെമ്പർ ചാമിയുടെ കുടിലിലെത്തിയപ്പോഴാണ് മരണവിവരം പുറത്തറിയുന്നത്.

ജീർണിച്ച നിലയിലായിരുന്നു ചാമിയുടെ മൃതദേഹമെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു. ഒരാഴ്ചയോളം പഴക്കമുള്ള അവസ്ഥയിലാണ് മൃതദേഹം. വാര്‍ഡ് മെമ്പര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മേപ്പാടി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സ്വാഭാവിക മരണമെന്നാണ് പൊലീസ് നിഗമനം.

Read More : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചു, പയ്യന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

അതേസമയം കൊല്ലത്ത് കൊല്ലത്ത് ഭർതൃവീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (19) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്‍റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. ഇന്നലെ രാത്രി രണ്ടുമണിയോടെയാണ് സംഭവം നടന്നത്. ജന്നത്തിനെ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ റാസിഫ് വീട്ടില്‍ വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വീട്ടുകാര്‍ ജന്നത്തിനെ വിളിച്ചെങ്കിലും മുറിയില്‍ നിന്ന് പ്രതികരണമുണ്ടായില്ല. ഒടുവില്‍ മുറിയുടെ ജനല്‍ ഇടിച്ചുതകര്‍ത്തതോടെയാണ് ജന്നത്തിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കടയ്ക്കൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.