ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസം രാജേഷ് വീട്ടിൽ വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വെട്ടുകത്തിയെടുത്ത് മാതാവായ സരസ്വതിയെ വെട്ടുകയുമായിരുന്നു. വലതു കയ്യിൽ വെട്ടേറ്റ സരസ്വതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന രാജേഷ് പിന്നെയും വെട്ടി.
കൊല്ലം: ഭാര്യയുടെ തന്നോടുള്ള പിണക്കത്തിന് കാരണം അമ്മയാണെന്നാരോപിച്ച് മകൻ അമ്മയെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. കൊല്ലം തൊടിയൂർ മുഴങ്ങോടി പുത്തൻപുരയിൽ വീട്ടിൽ രാജേഷ് (56) ആണ് അമ്മ സരസ്വതിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ പ്രതിയെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യ പിണങ്ങിപ്പോകാൻ കാരണക്കാരി അമ്മയാണെന്ന് പറഞ്ഞ് കഴിഞ്ഞദിവസം രാജേഷ് വീട്ടിൽ വഴക്കുണ്ടാക്കുകയും തർക്കത്തിനിടെ വെട്ടുകത്തിയെടുത്ത് മാതാവായ സരസ്വതിയെ വെട്ടുകയുമായിരുന്നു. വലതു കയ്യിൽ വെട്ടേറ്റ സരസ്വതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചതോടെ പിന്തുടർന്ന രാജേഷ് പിന്നെയും അമ്മയെ വെട്ടി.
ആക്രമണത്തിൽ കൈയ്ക്കും മുഖത്തും വെട്ടേറ്റ സരസ്വതിയെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കരുനാഗപ്പള്ളി പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകൻ തന്നെ നേരത്തെയും ഉപദ്രവിക്കാറുണ്ടെന്ന് സരസ്വതി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കരുനാഗപ്പള്ളി എസിപി സി. ജോണിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസ്എച്ച്ഒ പ്രവീൺ എസ്ബിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.


