Asianet News MalayalamAsianet News Malayalam

യുവാവിനെ വീട്ടിൽ വിളിച്ചുവരുത്തി പൂട്ടിയിട്ടത് രണ്ട് ദിവസം, മോചിപ്പിക്കാൻ ആവശ്യപ്പെട്ടത് ഒരു ലക്ഷം

മൊബൈൽ ഷോപ്പിൽ തൊഴിലാളിയായിരുന്ന യുവാവ് ഷോപ്പിൽ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പർ വാങ്ങി വാട്ട്സാപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു...

man locked in house for two days, escaped one arrested
Author
Thiruvananthapuram, First Published Apr 17, 2022, 2:37 PM IST

തിരുവനന്തപുരം: യുവാവിനെ വീട്ടിൽ വിളിച്ച് വരുത്തി പൂട്ടിയിട്ട് പണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ അറസ്റ്റിൽ. അടിമലത്തുറ പുറംമ്പോക്ക് പുരയിടത്തിൽ സോണി (18) ആണ് വിഴിഞ്ഞം പൊലീസിന്റെ പിടിയിലായത്. വിഴിഞ്ഞം കല്ലുവെട്ടാൻ കുഴി സ്വദേശിയായ ഇരുപതുകാരനാണ് തട്ടിപ്പിനിരയായത്. ഒരു മൊബൈൽ ഷോപ്പിൽ തൊഴിലാളിയായിരുന്ന യുവാവ് ഷോപ്പിൽ വന്ന അടിമലത്തുറ സ്വദേശിയായ യുവതിയെ പരിചയപ്പെട്ട് നമ്പർ വാങ്ങി വാട്ട്സാപ്പിൽ സന്ദേശങ്ങൾ അയച്ചിരുന്നു. 

ഇതിനിടയിൽ ഭർത്താവുമായി പിണങ്ങിയ യുവതി സ്വന്തം വീട്ടിലേക്ക് പോയി. ഭാര്യയുടെ മൊബൈലിൽ വന്നിരുന്ന സന്ദേശം തപ്പിയെടുത്ത ഭർത്താവ് കല്ലുവെട്ടാൻ കുഴി സ്വദേശിയുമായി യുവതിയെന്ന വ്യാജേനെ ചാറ്റിംഗ് നടത്തി യുവാവിനെ വീട്ടിലേക്ക് ക്ഷണിച്ചു. യുവതിയുടെ സന്ദേശം സ്വീകരിച്ച് വീട്ടിൽ എത്തിയ യുവാവിനെ പ്രതികൾ രണ്ടു ദിവസം മുറിക്കുള്ളിൽ പൂട്ടിയിട്ടു. വിട്ടയക്കാനായി യുവാവിന്റെ കാറും ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. 

അഡ്വാൻസായി പതിനായിരം രൂപ നൽകിയ യുവാവ് ബാക്കി പണം കഴക്കൂട്ടത്തുള്ള സുഹൃത്തുക്കളിൽ നിന്ന്  വാങ്ങി നൽകാമെന്ന് ഉറപ്പു നൽകി. ഇതനുസരിച്ച് യുവാവും യുവതിയുടെ ഭർത്താവും പിടിയിലായ പ്രതിയും മറ്റൊരാളുമായി കാറിൽ കഴക്കൂട്ടത്തേക്ക് തിരിച്ചു. യാത്രക്കിടയിൽ വിഴിഞ്ഞം പൊലീസ് സ്റ്റേഷന് സമീപം കാർ നിർത്തിയ യുവാവ് സ്റ്റേഷനി ലേക്ക് ഓടിക്കയറി. ഇതു കണ്ട പ്രതികൾ രക്ഷപ്പെട്ടു. 

യുവാവിന്റെ പരാതി സ്വീകരിച്ച വിഴിഞ്ഞം പൊലീസിന്റെ അന്വേഷണത്തിലാണ് ശനിയാഴ്ച ഉച്ചയോടെ ഒരാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തതായും മറ്റ് രണ്ടു പേർക്കായുള്ള അന്വേഷണം തുടരുന്നതായും വിഴിഞ്ഞം പൊലീസ് അറിയിച്ചു.

Follow Us:
Download App:
  • android
  • ios