ബൈക്കിലെത്തിയ യുവാവ് റിയാസിനോട് ലോട്ടറി ടിക്കറ്റ് വാങ്ങി നോക്കുകയും കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളുടെ പണം ലോട്ടറി മൊത്ത വിതരണ കടയിൽ ഏൽപ്പിക്കാമെന്ന് പറഞ്ഞ് ബൈക്ക് ഓടിച്ചു പോകുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു
തിരുവനന്തപുരം: ലോട്ടറി ടിക്കറ്റ് വിൽപ്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റുമായി കടന്നു. വിഴിഞ്ഞം പുളിവിള വീട്ടിൽ റിയാസ് (35) ൻ്റെ കയ്യിൽ നിന്നുമാണ് ബൈക്കിലെത്തിയ യുവാവ് ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ച് കടന്നത്. വിഴിഞ്ഞം ഹാർബർ റോഡ് കോസ്റ്റു ഗാർഡ് സ്റ്റേഷനു മുന്നിൽ വച്ച് ഇന്നലെ രാവിലെയായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് റിയാസിനോട് ലോട്ടറി ടിക്കറ്റ് വാങ്ങി നോക്കുകയും കയ്യിലുണ്ടായിരുന്ന ടിക്കറ്റുകളുടെ പണം ലോട്ടറി മൊത്ത വിതരണ കടയിൽ ഏൽപ്പിക്കാമെന്ന് പറഞ്ഞ് ബൈക്ക് ഓടിച്ചു പോകുകയായിരുന്നുവെന്ന് പരാതിക്കാരൻ പറഞ്ഞു. നാട്ടുകാരുൾപ്പെടെ പിന്നാലെ പോയി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പിന്നാലെ ടിക്കറ്റുകൾ നഷ്ടപ്പെട്ടതായി വിഴിഞ്ഞം പൊലീസിൽ പരാതി നൽകി. അമ്മയും ഭാര്യയും നാലു മക്കൾ അടങ്ങുന്ന കുടുംബത്തിൻ്റെ ഏക വരുമാന മാർഗമായിരുന്നു ലോട്ടറി കച്ചവടം. അസുഖ ബാധിതനായ റിയാസ് ഏതാനും ദിവസങ്ങൾക്കു ശേഷം കടം വാങ്ങിയ ടിക്കറ്റ് വിൽപ്പന നടത്തുന്നതിനിടെയാണ് കബളിപ്പിക്കപ്പെട്ടത്.
