വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗനവാടിയിലേക്ക് ഓടിക്കയറി.

തിരുവനന്തപുരം: വീട്ടിൽ അതിക്രമിച്ചുകയറി 95 വയസ്സുകാരിയെ ആക്രമിച്ച യുവാവ് പിടിയിൽ. ഇടവ സ്വദേശി സിയാദ് (24) ആണ് അറസ്റ്റിലായത്. 

സെപ്റ്റംബർ 19നാണ് സംഭവം നടന്നത്. വർക്കല ഇടവ കാപ്പിൽ സ്വദേശിനിയായ 95കാരിയാണ് ആക്രമിക്കപ്പെട്ടത്. വയോധികയുടെ മാനസികാസ്വാസ്ഥ്യമുള്ള മൂത്തമകളെ സിയാദ് ഭയപ്പെടുത്തി ഓടിച്ചു. യുവതി വീടിന് മുന്നിലൂടെ സമീപത്തെ അംഗനവാടിയിലേക്ക് ഓടിക്കയറി.

പിന്തുടർന്നെത്തിയ സിയാദ് യുവതി വീട്ടിലുണ്ടെന്ന ധാരണയിൽ അതിക്രമിച്ചു കയറി. വയോധികയോട് മകളെ തിരക്കി. ഇല്ലെന്ന് പറഞ്ഞതോടെ അക്രമസക്തനായ സിയാദ് വയോധികയുടെ വായിൽ തുണി തിരുകിയ ശേഷം ക്രൂരമായി മർദിക്കുകയായിരുന്നു. അതിക്രമത്തിൽ മുഖത്ത് പരിക്കേറ്റു. 

അവശയായ വയോധിക തൊട്ടടുത്ത വീട്ടിൽ അറിയിച്ചു. അയിരൂർ പൊലീസ് സ്ഥലത്തെത്തി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തി. എറണാകുളത്തു നിന്നാണ് സിയാദിനെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പൊലീസിന് നേരെ ആക്രമണം: ഗുണ്ടാതലവനും സംഘവും അറസ്റ്റില്‍

പൊലീസുകാരെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ കാപ്പ ചുമത്തപ്പെട്ട ഗുണ്ടാ തലവൻ കൊപ്പാറ ബിജുവും സംഘവും അറസ്റ്റിൽ. അമ്പലപ്പുഴ പൊലീസ് ഇൻസ്‌പെക്ടർ എസ്. ദ്വിജേഷും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

മാവേലിക്കര തഴക്കര പഞ്ചായത്ത് 15ാം വാർഡിൽ അറുനൂറ്റിമംഗലം മുറിയിൽ മാധവം വീട്ടിൽ ബിജു (കൊപ്പാറ ബിജു -42), മാവേലിക്കര പഞ്ചായത്ത് 12ആം വാർഡിൽ കുറത്തികാട് കാരോലിൽ വീട്ടില്‍ ബിനു (42), മാന്നാർ ചെന്നിത്തല പഞ്ചായത്ത് എട്ടാം വാർഡിൽ ചെറുകോൽ മുറിയിൽ കുറ്റിയാറ കിഴക്കേതിൽ വീട്ടിൽ ജിജോ വർഗീസ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി പട്രോളിങ്ങിനിടെ സംശയാസ്പദമായി തീരദേശ റോഡിൽ വളഞ്ഞവഴിയിൽ നിൽക്കുന്നതുകണ്ടാണ് പൊലീസ് ഇവരെ ചോദ്യംചെയ്തത്. തുടര്‍ന്ന് സംഘം പൊലീസിനു നേർക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.