മാങ്കാവ് കൈമ്പാലം സ്വദേശി സന്ധ്യയാണ് മോഷണത്തിനിരയായത്. ബന്ധുവിനൊപ്പം മാങ്കാവ് ടൗണിലെ ഗ്രാന്റ് ബേക്കറിയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ചായ കുടിച്ച ശേഷം ഫോണ്‍ ടേബിളില്‍ വച്ച് വാഷ് റൂമിലേക്ക് പോയി മടങ്ങി വരുന്നതിനിടെയാണ് മോഷണം നടന്നത്
കോഴിക്കോട്: ബേക്കറിയില്‍ ചായ കുടിക്കാന്‍ കയറിയ യുവതിയുടെ ഐ ഫോണ്‍ മോഷ്ടിച്ചു. കോഴിക്കോട് മാങ്കാവിലെ ബേക്കറിയിലാണ് മോഷണം നടന്നത്. യുവതി ഇരുന്ന സീറ്റിന് സമീപത്തുണ്ടായിരുന്നയാള്‍ സമര്‍ത്ഥമായി ഫോണ്‍ മോഷ്ടിക്കുന്ന ദൃശ്യം സ്ഥാപനത്തിലെ സി സി ടി വിയില്‍ പതിഞ്ഞിട്ടുണ്ട്. നവംബര്‍ അഞ്ചിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാങ്കാവ് കൈമ്പാലം സ്വദേശി സന്ധ്യയാണ് മോഷണത്തിനിരയായത്. ബന്ധുവിനൊപ്പം മാങ്കാവ് ടൗണിലെ ഗ്രാന്റ് ബേക്കറിയില്‍ ചായ കുടിക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ചായ കുടിച്ച ശേഷം ഫോണ്‍ ടേബിളില്‍ വച്ച് വാഷ് റൂമിലേക്ക് പോയി. ഇതെല്ലാം സസൂഷ്മം നീരീക്ഷിച്ച, സമീപത്തെ ടേബിളില്‍ ഇരുന്ന യുവാവ് ആരും കാണാതെ ഫോണ്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു.
സി സി ടി വി എല്ലാം കണ്ടു
തിരികെയെത്തി ഫോണ്‍ കാണാതിരുന്നതിനെ തുടര്‍ന്ന് സന്ധ്യ ബേക്കറി ജീവനക്കാരോട് കാര്യം പറയുകയും ഇവര്‍ സി സി ടി വി ദൃശ്യം പരിശോധിച്ചപ്പോള്‍ മോഷണം നടന്നത് കണ്ടെത്തുകയും ചെയതു. യുവതിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ തുടക്കത്തില്‍ ഇയാള്‍ കോള്‍ എടുക്കുകയും പണം നല്‍കിയാല്‍ തിരികേ തരാമെന്ന് പറയുകയും ചെയ്‌തെങ്കിലും പിന്നീട് ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച്ഡ് ഓഫായിരുന്നു. സംഭവത്തില്‍ കസബ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സി സി ടി വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.
തൃശൂരിലെ ക്യാമറ മോഷണം പിടിയിൽ
അതിനിടെ തൃശൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ക്യാമറകൾ മോഷ്ടിച്ച യുവാവ് പിടിയിലായി എന്നതാണ്. വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടം പരിസരത്ത് താമസിച്ചു വരുന്ന ആളുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ (ക്യാമറ ഫൈസൽ -35) എന്നയാളാണ് അറസ്റ്റിലായത്. തൃശ്ശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശമുഖിന്‍റെ നേതൃത്വത്തിലുള്ള എസ് എ ജി ഒ സി ടീമും തൃശൂർ ഈസ്റ്റ് പൊലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. 10ന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. നഗരത്തിലെ പ്രമുഖ ക്യാമറ ഷോപ്പിൽ നിന്ന് ക്യാമറകളും ലെൻസുകളും ഉൾപ്പെടെ 14 ലക്ഷത്തോളം രൂപ വില വരുന്ന സാധനങ്ങളാണ് മോഷണം പോയത്. രാവിലെ കടയുടമ കട തുറക്കാൻ വന്ന സമയത്താണ് കടയുടെ ഷട്ടർ പൊളിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് തൃശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയും തൃശൂർ സിറ്റി പൊലീസ് കമ്മീഷണറുടെ പ്രത്യേക അന്വേഷണസംഘമായ എസ് എ ജി ഒ സി ടീമും തൃശൂർ ഈസ്റ്റ് പൊലീസും അന്വേഷണ ചുമതല ഏറ്റെടുക്കുകയും പ്രതിയെ പിടികൂടികയുമായിരുന്നു.


