കൈവരികൾക്ക് ഉയരം കുറവായതിനാലും നല്ല ഒഴുക്കുള്ളതിനാലും ആത്മഹത്യ ചെയ്യാൻ നിരവധിപ്പേർ ഈ പാലം തെരഞ്ഞെടുത്തു.
മാന്നാർ: പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതിനെത്തുടർന്ന് പന്നായി പാലത്തിൽ ബാരിക്കേഡ് സ്ഥാപിച്ചു. തിരുവല്ല - മാന്നാർ സംസ്ഥാന പാതയിൽ ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിട്ടൊഴുകുന്ന പമ്പാ നദിക്ക് കുറുകെയുള്ള പന്നായി പാലത്തിൽ ബാരിക്കേഡ് സ്ഥാപിച്ചത് പാലത്തിന്റെ ഉയരംകുറഞ്ഞ കൈവരികളും പമ്പയാറിന്റെ ഈ ഭാഗത്തെ വലിയ ഒഴുക്കും ആഴവും കാരണം പലരും ആത്മഹത്യ ചെയ്യാൻ പന്നായി പാലം തെരഞ്ഞെടുത്തതിനെ തുടർന്നാണ്.
പാലത്തിൽ നിന്ന് ആറ്റിലേക്ക് ചാടി ആത്മഹത്യചെയ്യുന്നവരുടെ എണ്ണം വര്‍ധിച്ചതിനെത്തുടർന്ന് കൈവരികൾക്ക് ഉയരം കൂട്ടണമെന്ന് അഭിപ്രായം ഉയർന്നിരുന്നു. രാത്രികാലങ്ങളിൽ വാഹനങ്ങളിലെത്തി പാലത്തിൽ നിന്ന് ആറ്റിലേക്ക് മാലിന്യം വലിച്ചെറിയുന്നതും പതിവായിരുന്നു. മാലിന്യ നിക്ഷേപത്തിനെതിരെ നടപടി കൈക്കൊള്ളുന്നതിന്റെ ഭാഗമായി പാലത്തിന്റെ കൈവരികളിൽ ബാരിക്കേഡ് സ്ഥാപിക്കണമെന്ന് ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവിട്ടിരുന്നു.
120 മീറ്റർ നീളമുള്ള പാലത്തിന്റെ കൈവരികളിലും 29 മീറ്റർ അപ്രോച്ച് റോഡിന്റെ ഇരുവശത്തുമായി 2മീറ്റർ ഉയരത്തിലാണ് ബാരിക്കേഡ് സ്ഥാപിച്ചത്. പൊതുമരാമത്ത് ബ്രിഡ്ജ് വിഭാഗത്തിന്റെ കീഴിൽ നവംബർ മാസത്തിലായിരുന്നു നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. 25 ലക്ഷം രൂപയ്ക്കാണു കരാർ നൽകിയത്. ഇരുമ്പിൽ നിർമ്മിച്ച ഫ്രെയിമിനുള്ളിൽ പി.വി.സി പൂശിയ ജി.ഐ നെറ്റ് പിടിപ്പിച്ചാണ് ബാരിക്കേഡുകൾ സ്ഥാപിച്ചത്.


