Asianet News MalayalamAsianet News Malayalam

'നെഞ്ചിൽ ചവിട്ടി, കഴുത്ത് ഞെരിച്ചു', സുഭദ്ര കൊല്ലപ്പെട്ടത് ക്രൂരമായ മർദ്ദനമേറ്റ്, അറസ്റ്റ് രേഖപ്പെടുത്തി

സുഭദ്രയെ കൊച്ചിയിൽ നിന്ന് കൂട്ടിക്കൊണ്ട് വന്നത് കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നുവെന്നും ക്രൂരമായ മർദ്ദനത്തിന് ശേഷമാണ് സുഭദ്രയെ കൊന്നതെന്നും പ്രതികൾ പൊലീസ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കി.

mathews  and sharmila tortured  Subhadra before murder arrest marked in Subhadra Murder Case
Author
First Published Sep 13, 2024, 12:07 PM IST | Last Updated Sep 13, 2024, 1:20 PM IST

കലവൂർ: ആലപ്പുഴ കലവൂരിൽ വയോധികയെ കൊന്നു കുഴിച്ചുമൂടിയത് അതിക്രൂര മർദ്ദനത്തിന് ശേഷം. 73 കാരി സുഭദ്രയുടെ നെഞ്ചിൽ ചവിട്ടി എന്നും കഴുത്ത് ഞരിച്ചെന്നും പ്രതികളായ മാത്യുവും ശർമിളയും ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്നലെ കർണാടക മണിപ്പാലിൽ നിന്ന് പിടിയിലായ പ്രതികളെ ഇന്ന് രാവിലെയാണ് മണ്ണഞ്ചേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. മാത്യുവും ഷർമിളയും ചേർന്ന് സുഭദ്രയെ അതി ക്രൂരമായി മർദിച്ചു. മേസ്തിരിയെ വിളിച്ചു വരുത്തി വീടിന് പിറകുവശത്ത് കുഴി എടുത്ത ശേഷം ഏഴാം തിയ്യതി വൈകുന്നേരം തന്നെയാണ് കൊലപാതകം നടത്തിയത്.

ഉഡുപ്പിയിൽ നിന്നും എട്ട് കിലോമീറ്റർ അകലെയുള്ള മണിപ്പാലിലെ സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രമധ്യേയാണ് പ്രതികൾ അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ഉഡുപ്പി സ്വദേശിയായ ശർമിള പോകാൻ സാധ്യത ഉള്ള സുഹൃത്തുക്കൾ, ബന്ധുക്കൾ തുടങ്ങിയവരുടെ വിവരങ്ങൾ പൊലീസ് നേരത്തെ ശേഖരിച്ചിരുന്നു. ഇവിടങ്ങളിൽ വിവിധ സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. കൃത്യത്തിന് ശേഷം ഉഡുപ്പിയിലെത്തിയ പ്രതികൾ അടുത്ത ദിവസങ്ങളിൽ തന്നെ കൊച്ചിയിൽ തിരിച്ചെത്തി. കൊലപാതക വിവരം പുറത്തറിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നിന്ന് മണിപ്പാലിലേക്ക് യാത്ര തിരിച്ചത്. മാത്യുവിന്റെ സുഹൃത്തായ ഒരാൾ കൂടി പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. കൊലപാതകത്തിൽ മറ്റാർക്കും പങ്കില്ലെന്നാണ് വിലയിരുത്തൽ. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും കൂടുതൽ തെളിവെടുപ്പിലേക്ക് നീങ്ങുക. നാല് വര്‍ഷം മുമ്പ് കൊച്ചിയിലെത്തിയ ഉഡുപ്പിക്കാരി ഷര്‍മിളയും പങ്കാളിയായ ആലപ്പുഴ സ്വദേശി മാത്യൂസ് എന്ന നിധിനുമാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്. 

സുഭദ്രയുടെ ശരീരത്തിന്റെ രണ്ട്‌ ഭാഗത്തെയും വാരിയെല്ലുകൾ പൂർണമായും തകർന്ന നിലയിലായിരുന്നുവെന്നാണ് നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് ലഭിച്ച വിവരം. കഴുത്ത്, കൈ എന്നിവ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നു. കൈ ഒടിച്ചത് കൊലപാതക ശേഷമാണെന്നാണ് നിഗമനം. ഇടത് കൈ ഒടിച്ച് പിന്നിലേക്ക് വലിച്ചു കെട്ടിയ നിലയിലായിരുന്നു മൃതദേഹമെന്നും പോസ്റ്റ്‌മോർട്ടത്തിൽ പറയുന്നുണ്ട്. ഷര്‍മിള കൊച്ചിയിലെത്തിയ കാലത്ത് സുഭദ്ര നടത്തിയിരുന്ന ഹോസ്റ്റലിലായിരുന്നു താമസം. അങ്ങനെയാണ് ഇവർ സുഭദ്രയുമായി അടുത്തത്. ബന്ധം ശക്തമായപ്പോള്‍ ഇടയ്ക്ക് കുറച്ച് നാള്‍ സുഭദ്രയുടെ വീട്ടിലും താമസിച്ചു. ഇടയ്ക്കിടെ സുഭദ്രയെ ശര്‍മിള ആലപ്പുഴയിലെ വീട്ടിലേക്കും കൊണ്ടുപോകാറുണ്ടായിരുന്നു. അവിടെ വെച്ചാണ് ശര്‍മിളയുടെ പങ്കാളിയായ കാട്ടൂരുകാരന്‍ മാത്യൂസ് എന്ന നിധിനെ സുഭദ്ര പരിചയപ്പെടുന്നത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന സുഭദ്രയുടെ പക്കല്‍ സ്വര്‍ണാഭരങ്ങളും പണവും സ്വന്തമാക്കാനുള്ള ലക്ഷ്യത്തോടെയായിരുന്നു കൊലപാതകമെന്നാണ് സൂചന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios