ചക്കരക്കൽ സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിസിൻ എന്നിവരാണ് പിടിയിലായത്. സൗദിയിലേക്ക് മടങ്ങുന്ന യുവാവിന്റെ പക്കൽ പാർസൽ എന്ന വ്യാജേന രാസലഹരിയൊളിപ്പിച്ച അച്ചാർ നൽകുകയായിരുന്നു.

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ രാസലഹരി അച്ചാറിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ. ചക്കരക്കൽ സ്വദേശികളായ ശ്രീലാൽ, അർഷാദ്, ജിസിൻ എന്നിവരാണ് പിടിയിലായത്. സൗദിയിലേക്ക് മടങ്ങുന്ന യുവാവിന്റെ പക്കൽ പാർസൽ എന്ന വ്യാജേന രാസലഹരിയൊളിപ്പിച്ച അച്ചാർ നൽകുകയായിരുന്നു. സംഭവത്തിൽ ചക്കരക്കൽ പൊലീസ് അന്വേഷണം തുടങ്ങി.

സൗഹൃദം മുതലെടുത്തൊരു കൊടും ചതി, കുടുംബാംഗങ്ങളുടെ ഇടപെടൽ കൊണ്ട് മാത്രം അത്ഭുതകരമായ രക്ഷപ്പെടൽ. കണ്ണൂർ ചക്കരക്കൽ സ്വദേശിയായ യുവാവ് വലിയൊരു കെണിയിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രമാണ്. വെള്ളിയാഴ്ച്ച സൗദിയിലേക്ക് പോകേണ്ട യുവാവിനെ തേടി ബുധനാഴ്ച്ചയാണ് ചിപ്സും കടലയും അച്ചാറുമടങ്ങിയ പാർസലെത്തുന്നത്. പ്രതികളുടെ സൗദിയിലെ സുഹൃത്തിനുള്ളതായിരുന്നു പാർസൽ. കൂട്ടത്തിൽ സ്പെഷ്യൽ അച്ചാറുണ്ടെന്ന് പ്രതികൾ നേരത്തെയറിയിച്ചു. അപ്പോഴും ചക്കരക്കൽ സ്വദേശിക്ക് ചതി മനസിലായില്ല. പൊതുപ്രവർത്തകനായ അച്ഛനാണ് പാർസൽ പരിശോധിച്ച ശേഷം എടുത്തുവയ്ക്കണമെന്ന് നിർദേശിച്ചത്. ഇങ്ങനെയാണ് ഈത്തപഴം അച്ചാറിനുള്ളിലെ കറുത്ത വസ്തു ശ്രദ്ധയിൽപെടുന്നത്.

രണ്ട് അച്ചാർ പാത്രങ്ങളും തുറന്നപ്പോൾ ഞെട്ടി പ്രവാസിയുടെ കുടുംബം. കറുത്ത ഇൻസുലേഷനിൽ പൊതിഞ്ഞ 0.260 ഗ്രാം എംഡിഎംഎയും 3.40 ഗ്രാം ഹാഷിഷ് ഓയിലും. പിന്നീട് കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചക്കരക്കൽ സ്വദേശി ശ്രീലാൽ, ജിസിൻ എന്നയാൾ മുഖേനയാണ് പാർസൽ എത്തിച്ചത്. ലഹരിയെത്തിച്ചത് ഇവരുടെ സുഹൃത്തായ അർഷാദാണ്. ലഹരി നിരോധന നിയമപ്രകാരം കേസെടുത്ത ചക്കരക്കൽ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജാമ്യത്തിൽ വിട്ടു.

YouTube video player