സിംകാർഡുകളും മൊബൈൽ ഫോണുകളും ഉപേക്ഷിച്ച പ്രതി ഒരിക്കലും പിടിയിലാവുകയില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു
പത്തനംതിട്ട: ബെംഗളൂരുവിൽ യൂബർടാക്സിയുടെ മറവിൽ എംഡിഎംഎ വില്പന സംഘത്തിലെ പ്രധാനപ്രതി പിടിയിൽ. തിരുവനന്തപുരം കാട്ടാക്കട കള്ളിക്കാട്ട് പുത്തൻവീട്ടിൽ മുഹമ്മദ് അനസിനെ(29) ആണ് പന്തളം പോലീസിന്റെ പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. രാജ്യാന്തര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ നൈജീരിയൻ സ്വദേശി സാമുവൽ ക്ലബ്സൻ വോക്കാഫോർ എന്നയാളെ കുറച്ചുദിവസം മുമ്പ് പന്തളം പോലീസ് ഡൽഹിയിൽ നിന്നും പോലീസ് പിടികൂടിയിരുന്നു. ഇയാളുമായ് ഏറ്റവും ഏറ്റവും അടുപ്പമുള്ളയാളാണ് അനസ്. സാമുവൽ ക്ലബ്സൻ വോക്കാഫോർ ഉൾപ്പെടെ 4 പേർ പിടിയിലായതോടെ അനസ് ആദ്യം ഡൽഹിയിലേക്കും തുടർന്ന് മണാലിയിലേക്കും കടന്നു. അടുത്തിടെ മടങ്ങിയെത്തിയ ശേഷം വർക്കലയിൽ ഒളിവിൽ കഴിയുകയായിരുന്നു. സിംകാർഡുകളും മൊബൈൽ ഫോണുകളും ഉപേക്ഷിച്ച പ്രതി ഒരിക്കലും പിടിയിലാവുകയില്ലെന്ന അമിത ആത്മവിശ്വാസത്തിലായിരുന്നു.
പ്രതി വർക്കലയിലുള്ളതായി രഹസ്യവിവരം ലഭിച്ച പോലീസ് അവിടെയെത്തി അതിസാഹസികമായി പിടികൂടുകയായിരുന്നു. അടൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പന്തളം സർക്കിൾ ഇൻസ്പെക്ടർ സി ബാബു കുറുപ്പ്, എസ് ഐ എബിൻ പ്രസാദ്, എഎസ് ഐ മാരായ ബി ഷൈൻ,സുരേഷ് കുമാർ, സിവിൽപോലീസ് ഓഫീസർമാരായ എസ് അൻവർഷ , എസ് ഷൈൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.


