ഖരമാലിന്യ സംസ്കരണ പരിശീലന പരിപാടിയിൽ അധ്യാപകനായി കെ ഷിബുരാജൻ. ചെങ്ങന്നൂർ നഗരസഭയിലെ കൗൺസിലറായ ഷിബുരാജൻ ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് പരിശീലകനായത്.

ഹരിപ്പാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയിൽ പരിശീലകനായി വീണ്ടും ജനപ്രതിനിധി. ഹരിപ്പാട് നഗരസഭ കോൺഫറൻസ് ഹാളിൽ ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പഞ്ചായത്ത് അംഗങ്ങൾക്കായി 'ഖരമാലിന്യ സംസ്കരണ ചട്ടങ്ങൾ 2026' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിശീലന പരിപാടിയിലാണ് ചെങ്ങന്നൂർ നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ഷിബുരാജൻ പരിശീലകനായി എത്തിയത്.

ചെങ്ങന്നൂർ നഗരസഭയിൽ അഞ്ച് തവണ അഞ്ച് വ്യത്യസ്ത വാർഡുകളിൽനിന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ട കെ ഷിബുരാജൻ നഗരസഭാ ചെയർമാൻ, വൈസ് ചെയർമാൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. തദ്ദേശഭരണ സംവിധാനം, ഓഫിസ് നിർവഹണം തുടങ്ങി സമസ്ത മേഖലകളെയും സംബന്ധിച്ച് കില (KILA) സംഘടിപ്പിച്ച സർട്ടിഫിക്കറ്റ് കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ സംസ്ഥാനത്തെ 22 പേരിൽ ഒരാളാണ് ഇദ്ദേഹം.

പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ അധ്യക്ഷന്മാർ ഉൾപ്പെടെ രണ്ടായിരത്തോളം ജനപ്രതിനിധികൾക്കും അഞ്ഞൂറോളം ഉദ്യോഗസ്ഥർക്കും അയ്യായിരത്തോളം കുടുംബശ്രീ അംഗങ്ങൾക്കും ഇദ്ദേഹം ഔദ്യോഗികമായി പരിശീലനം നൽകിയിട്ടുണ്ട്. കേന്ദ്രസർക്കാരിന്റെ യുവജനക്ഷേമ മന്ത്രാലയം 2012ൽ ശ്രീപെരുമ്പത്തൂരിലെ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ സംഘടിപ്പിച്ച രാജ്യാന്തര ശില്പശാലയിൽ കേരളത്തെ പ്രതിനിധീകരിക്കുകയും ചെയ്തു. ജനകീയ ആസൂത്രണ പദ്ധതി ജില്ലാതല സാങ്കേതിക ഉപദേശക സമിതി അംഗം, കിലയുടെ മുൻ ചെങ്ങന്നൂർ നിയോജക മണ്ഡലം കോ-ഓർഡിനേറ്റർ എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ശുചിത്വം, മാലിന്യ സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട നിരവധി സംസ്ഥാന ശില്പശാലകളിൽ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

കഴിഞ്ഞ 16 വർഷമായി ചെങ്ങന്നൂർ മീഡിയ സെന്റർ പ്രസിഡന്റായ ഇദ്ദേഹം നാടകം, നാടൻ കലകൾ ഉൾപ്പെടെ മൂവായിരത്തിലധികം വേദികളിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചിട്ടുള്ള മികച്ചൊരു കലാകാരൻ കൂടിയാണ്. സമകാലീന വിഷയങ്ങളിൽ നിരവധി തെരുവുനാടകങ്ങൾ സംവിധാനം ചെയ്യുകയും ഷോർട്ട് ഫിലിമുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. മികച്ച മാധ്യമ പ്രവർത്തകനുള്ള പത്മഭൂഷൺ പോത്തൻ ജോസഫ് സ്മാരക അവാർഡ്, ബോധിനി കലാ സാംസ്കാരിക വേദിയുടെ അവാർഡ്, മികച്ച ജനകീയ പ്രവർത്തനങ്ങൾക്കുള്ള ചെങ്ങന്നൂർ മർച്ചന്റ്സ് അസോസിയേഷന്റെ ആദരം എന്നിവയും ലഭിച്ചിട്ടുണ്ട്. വൈദ്യുതി ബോർഡ് റിട്ടയേർഡ് അക്കൗണ്ട്സ് ഓഫിസര്‍ പരേതനായ കെ ജി രാജപ്പന്റെയും ഗവൺമെന്റ് സ്കൂൾ റിട്ടയേർഡ് ഹെഡ്മിസ്ട്രസ് പി രാജമ്മയുടെയും മകനാണ്. ഭാര്യ: രഹന പി ആനന്ദ്. ഏക മകൾ: തൃഷ എസ് രാജ്.