തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്

തൃശൂർ: ധനകാര്യ സ്ഥാപനത്തിന്‍റെ മറവില്‍ 270 കോടി തട്ടിയെടുത്ത പരാതിയില്‍ രണ്ടു പേരെ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മെല്‍ക്കര്‍ ഫിനാന്‍സിന്‍റെ ഡയറക്ടര്‍മാരായ രംഗനാഥന്‍ ശ്രീനിവാസനെയും ഭാര്യ വാസന്തിയെയുമാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. പതിമൂന്ന് ശതമാനം പലിശ വാദ്ഗാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയ കേസിലാണ് മെല്‍ക്കര്‍ ഫിനാന്‍സ്, മെല്‍ക്കര്‍ നിഥി ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളുടെ ഡയറക്ടര്‍മാരെ ഈസ്റ്റ് പൊലീസ് പിടികൂടിയത്. തൃശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് നാലായിരത്തോളം നിക്ഷേപകരില്‍ നിന്ന് 270 കോടി രൂപ തട്ടിയെടുത്തിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ കൊല്ലം മാര്‍ച്ച് മുതല്‍ പലിശ മുടങ്ങിയതോടെയാണ് നിക്ഷേപകര്‍ കൂട്ടപ്പരാതിയുമായി എത്തിയത്.

കുടുങ്ങിയത് വിദേശത്തേക്ക് മുങ്ങാനായി നാട്ടിലെത്തിയപ്പോൾ

പിന്നാലെ കമ്പനി ഡയറക്ടര്‍മാരായ രംഗനാഥനും ഭാര്യ വാസന്തിയും ഒളിവില്‍ പോവുകയായിരുന്നു. ഇരുവരും വിദേശത്തേക്ക് കടക്കുന്നതിന് വീണ്ടും തൃശൂരിലെ വീട്ടിലെത്തിയപ്പോഴാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മേൽക്കർ ഫിനാൻസ് & ലീസിങ്, മേൽക്കർ നിധി, സൊസൈറ്റി, മേൽക്കർ TTI ബിയോഫ്യൂൽ എന്നീ പേരുകളിൽ ആണ് ഡിബെൻചർ സർട്ടിഫിക്കറ്റ്, ഫിക്സിഡ് ഡെപ്പോസിറ്റ്,സബോർഡിനേറ്റഡ് ഡബ്റ്റ് എന്നീ പദ്ധതികളിലൂടെ നിക്ഷേപം സ്വീകരിച്ചിരിക്കുന്നത്. പ്രതികളുടെ അറസ്റ്റിന് പിന്നാലെ ഇവരുടെ തൃശൂരിലെ സ്ഥാപനങ്ങളിലും വീടുകളിലും പൊലീസ് പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. കമ്പനി ഡയറക്ടര്‍മാര്‍ക്കെതിരെ ബഡ്സ് ആക്ട് ചുമത്തുന്നത് പരിശോധിച്ച് വരികയാണെന്ന് ഈസ്റ്റ് പൊലീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം