പാലോട്ടുകോണത്തുള്ള സ്വകാര്യ വസ്തുവിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ശംഖുവരയൻ പാമ്പ് കടിച്ചത്. കാലങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
തിരുവനന്തപുരം: തൊഴിലുറപ്പു ജോലിക്കിടെ തൊഴിലാളിക്ക് പാമ്പുകടിയേറ്റു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടു കൂടിയായിരുന്നു സംഭവം. തച്ചപ്പള്ളി ക്ഷേത്രത്തിനു സമീപം പാലോട്ടുകോണത്തുള്ള സ്വകാര്യ വസ്തുവിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പ് കടിച്ചത്. കാലങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെയായിരുന്നു സംഭവം.
പാമ്പ് കടിച്ചെന്ന് മനസിലായ ഉടൻ ഒപ്പമുണ്ടായിരുന്നവർ ചേർന്ന് പാമ്പിനെ തല്ലിക്കൊന്നു. പിന്നാലെ ആംബുലൻസ് വിളിച്ച് ബിന്ദുകുമാരിയ്ക്കൊപ്പം ഉടനെതന്നെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. നിരീക്ഷണത്തിൽ തുടരുന്ന ഇവരുടെ ആരോഗ്യനില മെച്ചപ്പെട്ടുവരുന്നതായി അധികൃതർ അറിയിച്ചു. പ്രദേശത്ത് ശംഖുവരയൻ ധാരാളമായി കാണാറുണ്ടെന്നും രാത്രികാലങ്ങളിലായിരുന്നു ഇതുവരെ ഇവയെ കണ്ടിരുന്നതെന്നും നാട്ടുകാർ പറഞ്ഞു.


